രാജ്യം വളരെ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്: വി എം സുധീരന്‍

Wayanad

മാനന്തവാടി: രാജ്യം വളരെ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കേണ്ട ഗവണ്മെന്റ് ജനങ്ങളെ ഭിന്നിപ്പിച്ചു
ഭരിക്കുകയാണ്. ബി.ജെ.പി.ഗവണ്മെന്റ് അധികാരത്തില്‍ വരുമ്പോള്‍ പറഞ്ഞ വാക്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി.കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന് 71 രുപയായിരുന്ന വില. ഇത് 50 രുപയാക്കും എന്ന് പറഞ്ഞു അധികാരത്തില്‍ വന്നിട്ട് ഇന്ന് പെട്രോളിന്റെ വില 106 ആയി. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ട് വന്നു പാര്‍വപ്പെട്ടവരുടെ അകൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കും എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ചു. ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ അവസ്സരം സൃഷ്ടിക്കും എന്ന് പറഞ്ഞു അധികാരത്തില്‍ വന്നിട്ട് യുവാക്കളെ ഇപ്പോള്‍ മറന്നിരിക്കുകയാണ്. വെറും പൊള്ളയായ വാക്ക് ദാനം നല്‍കി ജനങ്ങളെ പറ്റിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും ഭരിക്കുന്ന ബി.ജെ.പി.സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെ ഇറക്കാന്‍ നാം ഓരോരുത്തരും കടപ്പെട്ടിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.

ഈ പ്രാവശ്യം ഇന്ത്യാ മുന്നണിക്ക് ആനുകൂല കാലാവസ്ഥയാണ് രാജ്യത്ത്. ഇതിനു വേണ്ടി നാം ഓരോരുത്തരും കഠിനാധ്വാനം ചെയ്ത് പ്രവൃത്തിക്കേണ്ടതുണ്ട്. വയനാട്ടുകാരെ സംബന്ധിച്ചെടത്തോളം രാഹുല്‍ ഗാന്ധിക്കുവേണ്ടി പ്രവര്‍ത്തിക്കാനും വോട്ട് ചെയ്യാനുമുള്ള ഭാഗ്യം ലഭിച്ചതില്‍ ഞാനും അഭിമാനിക്കുന്നു. അത് കൊണ്ട് തന്നെയാണ് ഞാന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും നിങ്ങളെ കാണാനും രാഹുല്‍ ഗാന്ധിക്ക് വേണ്ടി നിങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കാനും മാനന്തവാടി എടവക പഞ്ചായത്തില്‍ കമ്മ നയില്‍ വന്നതെന്ന് യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് വി.എം.സുധീരന്‍ പറഞ്ഞു.

പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജില്‍സണ്‍ തൂപ്പുംങ്കര അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കാര്യ സമിതി അംഗം പി.കെ.ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. ഒ.വി.അപ്പച്ചന്‍, എച്ച്.ബി.പ്രദീപ് മാസ്റ്റര്‍, സില്‍വി തോമസ്, കമ്മന മോഹനന്‍, കേളോത്ത് അബ്ദുള്ള, ചിന്നമ്മ ജോസ്, ഉഷാ വിജയന്‍, വിനോദ് തോട്ടത്തില്‍, ബീനാ സജി, കൊല്ലിയില്‍ രാജന്‍, ടി.ഉഷാകുമാരി, അഹമ്മദ് കുട്ടി, ജെന്‍സ്സി ബിനോയി, ദീപാ ജോണ്‍സണ്‍, എസ്.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.