പച്ചത്തുരുത്ത് കയ്യേറി പൊതുമുതൽ നശിപ്പിച്ച് സ്വകാര്യ റിസോര്‍ട്ടിന്‍റെ റോഡ് നിര്‍മ്മാണം

Wayanad

പിണങ്ങോട്: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പിണങ്ങോട് പുഴക്കൽ എടത്തറക്കടവ് പാലത്തിനോട് സമീപത്ത് നിർമ്മിച്ച പച്ച തുരുത്ത് റിസോർട്ട് മാഫിയ കയ്യേറി. സംരക്ഷണ ഭിത്തി തകർക്കുകയും മരങ്ങൾ മുറിച്ചു മാറ്റുകയും നീർച്ചാലുകൾ നികത്തുകയും ചെയ്തു.

പ്രളയ ഭീഷണിയുള്ള സ്ഥലമായതിനാലും പുഴ സംരക്ഷണത്തിന് വേണ്ടിയും വർഷങ്ങളായി പച്ചത്തുരുത്ത് നിർമ്മിച്ച് സംരക്ഷിച്ച് പോരുകയാണ്. അവിടെയാണ് മരങ്ങൾ മുറിച്ച് മാറ്റി റോഡ് നിർമ്മിക്കാൻ വേണ്ടി മണ്ണിട്ട് നികത്തിയത്.
നൂറ് കണക്കിന് വാഹനങ്ങൾ പോകുന്ന റോഡിൽ നിർമ്മിച്ച പാലത്തിൻ്റെ ചുവട്ടിൽ പില്ലറിനോട് ചേർന്ന ഭാഗത്താണ് കാട് വെട്ടി റോഡ് നിർമ്മിച്ചത്.
പാലത്തിൻ്റെയും റോഡിൻ്റെയും സുരക്ഷിതത്വത്തിന് ഭീഷണി ഉണ്ടാക്കുന്ന രൂപത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും ബോർഡ് സ്ഥാപിച്ച സ്ഥലത്തിന് നേരെ മുമ്പിലാണ് റോഡ് നിർമ്മാണം നടക്കുന്നത്.
കുറ്റക്കാർക്കെതിരെ എത്രയും വേഗം നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.