പ്രസ് ക്ലബ്ബിന് ബദലായി മീഡിയ ക്ലബ്ബുമായി ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍

Kottayam

തിരുവല്ല: പ്രസ് ക്ലബ്ബ് മാതൃകയില്‍ മീഡിയ ക്ലബ്ബുമായി ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍. ഫേസ് ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള നവമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന മാധ്യമ പ്രവര്‍ത്തകരും വ്‌ലോഗേഴ്‌സും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സും ചേര്‍ന്നാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചത്.

മീഡിയ ക്ലബ്ബ് എന്ന് പേരിട്ടിരിക്കുന്ന സംഘടന പ്രസ് ക്ലബ്ബിന് ഒരു ബദലായി മാറുകയാണ്. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പഴഞ്ചന്‍ രീതികളില്‍ നിന്നും വര്‍ത്തമാന കാലഘട്ടത്തിന്റെ മുഖമായി മാറുകയാണ് മീഡിയ ക്ലബ്ബ്. പത്രസമ്മേളങ്ങള്‍ മീഡിയ ക്ലബ്ബിനെ അറിയിച്ച് നടത്തുമ്പോള്‍ സംഘടനയിലുള്ള എല്ലാ അംഗങ്ങളുടെയും സോഷ്യല്‍ മീഡിയ ഫ്‌ലാറ്റ് ഫോമുകളില്‍ അത് വാര്‍ത്തയാകും.

കേരളത്തില്‍ തന്നെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിരവധി കൂട്ടായ്മകള്‍ ഉണ്ടെങ്കിലും പ്രസ് ക്ലബ്ബ് മാതൃകയില്‍ ഇത്തരമൊരു കൂട്ടായ്മ ഇത് ആദ്യമാണ്. തുടക്കത്തില്‍ 15 അംഗങ്ങള്‍ക്ക് മാത്രമാണ് മീഡിയ ക്ലബ്ബില്‍ അംഗത്വം നല്‍കുന്നതെന്നും പിന്നീടത് ഉയര്‍ത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഭാരവാഹികളായി സഞ്ചു ശിവന്‍ രക്ഷാധികാരി, ആര്‍ ജെ സുമേഷ് പ്രസിഡന്റ്, ഫിലിപ്പ് മാത്യു, ഷെറില്‍ പി റ്റി വൈസ് പ്രസിഡന്റുമാര്‍, രഞ്ജിത്ത് ഏബ്രഹാം തോമസ് സെക്രട്ടറി, ജിത്തു ജേക്കബ് ഏബ്രഹാം, ശ്രീജ പ്രസാദ് ജോ സെക്രട്ടറിമാര്‍, സൂരജ് കൃഷ്ണണ്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

മീഡിയ ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം മെയ് 19 ന് നടക്കും. പത്രസമ്മേളനങ്ങള്‍ നടത്താന്‍ താല്‍പര്യപ്പെടുന്നവര്‍ 9400063901 എന്ന നമ്പറില്‍ സെക്രട്ടറിയെ ബന്ധപ്പെടമെന്ന് ഭാരവാഹികള്‍ അറിയിച്ചു.