പാലാ: ആസാദി കാ അമൃതോത്സവിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ദേശീയ തലത്തില്‍ സംഘടിപ്പിച്ച ദേശഭക്തി ഗീത് മത്സരത്തില്‍ പാലാ അല്‍ഫോന്‍സാ കോളജിലെ എന്‍ സി സി കേഡറ്റ് അനഘ രാജു രണ്ടാം സ്ഥാനം നേടി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം. ഈ മത്സരത്തില്‍ കേരളത്തില്‍ നിന്നും സമ്മാനം ലഭിച്ച ഏക വ്യക്തിയാണ് അനഘ രാജു.
ഇന്ത്യയെ സ്ത്രീയോടു ഉപമിച്ചു കൊണ്ട് ഇംഗ്ലീഷില്‍ രചിച്ച കവിതയാണ് അനഘയ്ക്ക് സമ്മാനം നേടിക്കൊടുത്തത്. ഇന്ത്യയും സ്ത്രീകളും പ്രതിസന്ധികളെ തരണം ചെയ്യുന്നത് വ്യക്തമാക്കിയാണ് കവിത രചിച്ചിട്ടുള്ളത്. ഇടുക്കി കുളമാവ് കല്ലുകാട്ട് കെ ജി രാജുവിന്റെയും ലേഖയുടെയും മകളാണ്. സഹോദരി അഖില.
അല്‍ഫോന്‍സാ കോളജിലെ രണ്ടാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ അനഘയെ കോളജ് പ്രിന്‍സിപ്പല്‍ റവ ഡോ രജീനാമ്മ ജോസഫ്, ബര്‍സാര്‍ റവ ഫാ ജോസ് ജോസഫ്, എന്‍ സി സി ഓഫീസര്‍ ലഫ് അനു ജോസ് എന്നിവര്‍ അഭിനന്ദിച്ചു.