സംവിധായകന്‍ ‘ബ്ലസി സാറിന്’ ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവുമായി ഗായകന്‍ പ്രജീഷ്

Uncategorized

പ്രിയരേ ഇന്നലെ (17.04.2024) എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷവും ഒരിക്കലും മറക്കാനാവാത്തതുമായ ദിവസമായിരുന്നു. ‘ആടുജീവിതം’ സിനിമ സംവിധായകന്‍ ബ്ലസി സാര്‍ എന്നെ വിളിച്ച ദിവസം. അദ്ദേഹം വിളിച്ച് മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും ആ ഒരു ‘ഷോക്കില്‍’ നിന്നും ഞാനിപ്പോഴും മുക്തനായിട്ടില്ല. പ്രജീഷ് ആണോ, ഞാന്‍ Director ബ്ലസി ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എന്താണ് പറയേണ്ടത്, എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത ഒരു അവസ്ഥയിലായി. പിന്നെ എല്ലാം യാന്ത്രികമായിരുന്നു. ശരിക്കും മറ്റൊരു ലോകത്തായിരുന്നു കുറച്ച് നേരത്തേക്ക്.

സാര്‍ സംസാരിക്കുന്നു. ഞാന്‍ മറുപടി പറയുന്നു. എന്റെ പാട്ടിനെ അഭിനന്ദിച്ചു. എന്നെപ്പോലൊരാളിന്റെ ഗാനം കേള്‍ക്കുക, എന്നിട്ട് അതിന് ശേഷം ആ പാട്ടിനെക്കുറിച്ച് അഭിപ്രായം പറയാന്‍ വിളിക്കുക. അതും അത്രയും വലിയൊരു മഹത് വ്യക്തിത്വം. ‘ആടുജീവിതം’ എന്ന ഗംഭീര സിനിമയുടെ സംവിധായകന്‍.

ഒരിക്കലും അദ്ദേഹത്തെപ്പൊലൊരാള്‍ എന്നെ വിളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ ആ ഗാനത്തിനോടുള്ള (പെരിയോനേ എന്‍ റഹ്മാനേ) ഇഷ്ടം കൊണ്ടു പാടിയതായിരുന്നു. എന്റെ ഭാഗ്യം കൊണ്ടും സര്‍വ്വോപരി ദൈവാനുഗ്രഹം കൊണ്ടും ബ്ലസി സാര്‍ അതു കേട്ടു. എന്നെ വിളിച്ചു. തിരക്കിനിടയിലും എന്റെ വിശേഷങ്ങള്‍ അന്വേഷിച്ചു. അദ്ദേഹത്തിന്റെ ഒരോ വാക്കും എന്നെപ്പോലെ കിടപ്പിലായവര്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതായിരുന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദിവസം എനിക്ക് സമ്മാനിച്ച ”ബ്ലസി സാറിന്” ഈ എളിയ കലാകാരന്റെ ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും അറിയിക്കുന്നു