അഷറഫ് ചേരാപുരം
ദുബൈ: യു എ ഇയുടെ ചരിത്രം മാറ്റിയെഴുതുന്ന ഗതാഗത പദ്ധതി ഇത്തിഹാദ് റെയില്‍ യാഥാര്‍ഥ്യമാവുന്നതിന് ഒരു പടികൂടി കടന്നു. ഇത്തിഹാദ് റെയിലിന്റെ ഭാഗമായ ആദ്യകടല്‍പാലം പ്രവര്‍ത്തന സജ്ജമായി. അബൂദബിയിലെ ഖലീഫ തുറമുഖത്താണ് റെയിലിന്റെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്ന പാലം നിര്‍മിച്ചത്. തുറമുഖത്തെത്തുന്ന ചരക്കുകള്‍ അതിവേഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാന്‍ ഈ പാത സഹായിക്കും.
റോഡിലൂടെ കടന്നുപോകുന്ന 300 ലോറികള്‍ക്ക് തുല്യമായ അളവില്‍ ചരക്കുകളുമായി ഇത്തിഹാദ് ട്രെയിനിന്‍ പാതയിലൂടെ കടന്നുപോകാനാകും. ഇതോടെ ചരക്കുനീക്കം അതിവേഗത്തിലാകും. ഒപ്പം റോഡുകളിലെ തിരക്കും നിയന്ത്രിക്കാനാവുമെന്നതും നേട്ടമാണ്. മികച്ച അന്താരാഷ്ട്ര നിലവാരത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നതെന്നും 120 വര്‍ഷത്തെ ഗ്യാരണ്ടി ഇതിനുണ്ടെന്നും ഇത്തിഹാദ് റെയില്‍വെ എഞ്ചിനീയറിങ് ഡയറക്ടര്‍ അഡ്രിയാന്‍ വാള്‍ഹൂട്ടന്‍ പറഞ്ഞു. 4,000 ടണ്ണിലേറെ സ്റ്റീല്‍, 18,300 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ്, 100 പ്രത്യേക ബീമുകള്‍ എന്നിവ ഉപയോഗിച്ചാണ് പാലം നിര്‍മിച്ചത്.
50 ബില്യണ്‍ ദിര്‍ഹം ചെലവ് വകയിരുത്തിയ ഇത്തിഹാദ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ ദുബൈയില്‍ നിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയില്‍ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കിലോമീറ്റര്‍ നീളത്തില്‍ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയില്‍ പദ്ധതി കടന്നുപോകുന്നത്. ചരക്കു കടത്ത്,യാത്ര എന്നിവയില്‍ വിപ്ലവം സംഭവിക്കുന്ന ഇത്തിഹാദിന്റെ സാക്ഷാത്കാരത്തെ പ്രവാസികളും സന്തോഷത്തോടെയാണ് കാത്തിരിക്കുന്നത്.