പനജി: ഒരു ദിവസം ഒരു ഈത്തപ്പഴം മാത്രം കഴിച്ച് കടുത്ത ഉപവാസവും അനുഷ്ഠിച്ച സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എഞ്ചിനീയറായ മുഹമ്മദ് സുബര്‍ ഖാന്‍ (29), ഇളയ സഹോദരന്‍ അഫാന്‍ ഖാന്‍ (27) എന്നിവര്‍ക്കാണ് ഉപവാസം കാരണം ജീവന്‍ നഷ്ടമായത്. ഇവരുടെ മാതാവിനെയും വീട്ടില്‍ അവശനിലയില്‍ കണ്ടെത്തി. മരണത്തിന് പിന്നില്‍ പോഷകാഹാരക്കുറവാണെന്നാണ് കണ്ടെത്തല്‍.
ദാരുണ സംഭവം നടന്നത് ഗോവയിലെ മര്‍ഗോവിലാണ്. അവരുടെ അമ്മ റുക്‌സാന ഖാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മക്കളുടെയും ഭാര്യയുടെയും കടുത്ത ഉപവാസത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് നസിര്‍ ഖാന്‍കുറച്ചുകാലമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നസിര്‍ ബുധഴാഴ്ച ഇവരെ കാണാന്‍ വീട്ടിലെത്തിയിരുന്നു. പക്ഷേ വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചു. പൊലീസെത്തി ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോളാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം റുക്‌സാന കട്ടിലില്‍ അബോധാവസ്ഥയിലായിരുന്നു.
കുറച്ച് ദിവസം മുന്‍പും നസിര്‍ വീട്ടില്‍ എത്തിയിരുന്നെങ്കിലും ഭാര്യയും മക്കളും അകത്തു കടക്കാന്‍ അനുവദിച്ചില്ലെന്ന് പൊലീസ് പറയുന്നു. മുഹമ്മദ് സുബര്‍ സിന്ധുദുര്‍ഗിലെ സാവന്ത്‌വാഡിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. അഫാന്‍ ബികോം ബിരുദധാരിയാണ്. യുവാക്കളും അമ്മയും കുറച്ചുമാസങ്ങളായി വീട് വിട്ട് പുറത്തിറങ്ങിയിട്ടില്ലെന്നും എല്ലാവരെയും അകറ്റിനിര്‍ത്തിയിരുന്നുവെന്നും പിതൃസഹോദരനായ അഖ്ബര്‍ ഖാന്‍ പറഞ്ഞു.
അമ്മയും മക്കളും എന്തുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിയതെന്ന് അറിയില്ലെന്ന് അഖ്ബര്‍ പറഞ്ഞു. കുടുംബം സാമ്പത്തികമായി നല്ല നിലയിലാണ്. അവര്‍ എന്തെങ്കിലും മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നോയെന്ന് അറിയില്ലെന്ന് അഖ്ബര്‍ പറഞ്ഞു.
വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ സഹോദരങ്ങളുടെ പിതാവ് കുറച്ചുപണം വീട്ടിലെ താക്കോല്‍ പഴുതിലൂടെ ഉള്ളിലേക്ക് ഇടാറുണ്ടായിരുന്നു. ഏതാനും ആഴ്ചകളായി ആ ദ്വാരം അടച്ച നിലയിലാണ്. ആളുകള്‍ വീട്ടിലേക്ക് വരുന്നത് തടയാന്‍ വീടിന്റെ പ്രധാന വാതിലിനോട് ചേര്‍ന്ന് കുറച്ച് ഫര്‍ണിച്ചറുകളും ഇട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. റുക്‌സാനയുടെ ആരോഗ്യനില ഭേദമായ ശേഷം മൊഴിയെടുത്താലേ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരൂ എന്ന് പൊലീസ് വ്യക്തമാക്കി.