ആഗോള ഗവേഷണ സമ്മേളനം വെള്ളിയാഴ്ച സൗദിയിൽ, ഇന്ത്യൻ പ്രതിനിധി ഡോ.ഹുസൈൻ മടവൂർ

Gulf News GCC Saudi Arabia

മദീന: ആധുനിക പ്രശ്നങ്ങളിലെ ഇസ്ലാമിക പരിപ്രേക്ഷ്യം മുഖ്യ പ്രമേയമായി സൗദി അറേബ്യയിൽ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര ഗവേഷണ സമ്മേളനം മെയ് മൂന്നിന്ന് വെള്ളിയാഴ്ച മദീനാ ക്രൗൺ പ്ലാസ കൺവെൻഷൻ സെൻ്ററിൽ ആരംഭിക്കും.
വിവിധ രാജ്യങ്ങളിൽ നിന്നായി മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും. ഒൻപത് സെഷനുകളിൽ നടക്കുന്ന സമ്മേളനത്തിൽ മുപ്പത്തിയാറ് ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് സൽമാൻ്റെയും ദശവൽസര പദ്ധതിയായ വിഷൻ 2030 ൻ്റെ ഭാഗമായുള്ള പരിഷ്കരണ സംരംഭങ്ങളുടെ ഭാഗമായി നിരവധി ആഗോള സമ്മേളനങ്ങൾ സംഘടിപ്പിച്ച് വരികയാണ് സൗദി അറേബ്യ. ആധുനിക വിഷയങ്ങളിലെ ഗവേഷണങ്ങൾക്ക് സൗദി ഭരണകൂടം വലിയ പ്രാധാന്യം നൽകുന്നുണ്ട്.

ഡൽഹിയിലെ ഹ്യുമൻ റിസോഴ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ്റെ (HRDF) പ്രതിനിധിയായി ചെയർമാൻ ഡോ.ഹുസൈൻ മടവൂർ ആണ് സമ്മേളനത്തിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ പണ്ഡിതൻ. രണ്ടാം ദിവസം നടക്കുന്ന ഖുർആൻ വിജ്ഞാന ഗവേഷണ സെഷനിൽ അദ്ദേഹം ആദ്ധ്യക്ഷത വഹിക്കും.

മാറുന്ന ലോകത്ത് മനുഷ്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇസ് ലാമിക പ്രമാണങ്ങളിൽ നിന്ന് കൊണ്ടു തന്നെ ആവശ്യമായ ഗവേഷണങ്ങൾ ( ഇജ്തിഹാദ്) നടക്കേണ്ടതുണ്ട്. അതിനാൽ തന്നെ നിർമ്മിത ബുദ്ധിയുടെയും വിവര സാങ്കേതിക വിദ്യയുടെയും അനന്ത സാദ്ധ്യതകൾ ഇസ് ലാമിക വിജ്ഞാന ഗവേഷണങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള വർക്ക് ഷോപ്പുകളും സമ്മേളനത്തിൻ്റെ ഭാഗമായി നടത്തപ്പെടുന്നുണ്ട്.

സൗദിയിലെ പ്രമുഖ സർവ്വകലാശാലാകളായ മക്കാ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റി, മദീനാ ഇസ്ലാമിക് യൂണിവേഴ്സിറ്റി, റിയാദ് ഇമാം മുഹമ്മദ് ബിൻ സുഊദ് യൂണിവേഴ്സിറ്റി, ജിദ്ദാ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി, മദീനാ ത്വെയ്ബാ യൂണിവേഴ്സിറ്റി തുടങ്ങിയവയിൽ നിന്നുള്ള അക്കാദമിക വിഗ്ധർക്ക് പുറമെ ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്നും അമേരിക്ക, ബ്രിട്ടൺ , ചൈന, മലേഷ്യ, ഖത്തർ, കുവൈറ്റ്, യു.എ.ഇ, ഒമാൻ, സുഡാൻ മുതലായ രാഷ്ട്രങ്ങളിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ നിന്നും ഇന്നവിദ്യാഭ്യാസ മന്ത്രാലയങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുക്കും. പ്രബന്ധമവതരിപ്പിക്കുന്നതിൽ പകുതിയോളം വനിതാ ഗവേഷകരാണെന്നത് ശ്രദ്ധേയമാണ്.

വിശ്വമാനവികതയും ഇസ്ലാമും, ധനസമ്പാദനവും വിനിയോഗവും, വാണിജ്യ വ്യവസായങ്ങളിലെ നൈതികത, മാനവ വിഭവശേഷി വികസനം, സ്ത്രീകളുടെ സാമൂഹിക രംഗത്തെ പങ്കാളിത്തം, ഇസ്ലാമും വിവിധ ചിന്താ പ്രസ്ഥാനങ്ങളും, സാങ്കേതിക വിദ്യാഭ്യാസം മനുഷ്യനന്മക്ക്, ആധുനിക വിഷയങ്ങളിലെ ഇസ്ലാമിൻ്റെ കാഴ്ചപ്പാടുകൾ
തുടങ്ങി ഒട്ടേറെ നൂതന വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്.