കാര്‍ ഗ്യാസ്‌ലോറിയിലേക്ക് ഇടിച്ചുകയറി അഞ്ചുപേര്‍ മരിച്ചു

News

കണ്ണൂര്‍: ഗ്യാസ് സിലിന്‍ഡര്‍ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് കുട്ടിയുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ചെറുകുന്ന് പുന്നച്ചേരിയില്‍ കാസര്‍കോട് ഭീമനടിയിലേക്ക് പോവുകയായിരുത്ത കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഭീമനടി കമ്മാടത്തെ ചൂരിക്കാടന്‍ സുധാകരന്‍(52) ഭാര്യ അജിത (33) അജിതയുടെ പിതാവ് കൃഷ്ണന്‍ (65) ചെറുമകന്‍ ആകാശ് (ഒന്‍പത്) കാലിച്ചാനടുക്കത്തെ കെ.എന്‍ പത്മകുമാര്‍ (69) എന്നിവരാണ് മരിച്ചത്.

പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപം തിങ്കളാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്. ചരക്കു ലോറി പിന്നിലിടിച്ചു നിയന്ത്രണം വിട്ട കാര്‍ ഗ്യാസ് സിലിന്‍ഡര്‍ കയറ്റിയ ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു പുരുഷന്മാരും സ്ത്രീയും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോകും വഴി യാത്രാമധ്യേയാണ് മരിച്ചത്. പൂര്‍ണമായും ലോറിക്ക് അടിയില്‍പ്പെട്ട കാര്‍ ഏറെ നേരത്ത ശ്രമഫലമായാണ് പുറത്തെക്ക് എടുക്കാന്‍ കഴിഞ്ഞത്.

ലോറി പുറകോട്ടെടുത്ത് നീക്കി കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. കോഴിക്കോട് കൃപാലയം ഹോസ്റ്റലില്‍ അന്തേവാസികളെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കമ്മാടം മണാട്ടിക്കവലയിലെ റൈസ് മില്‍ ഉടമയാണ് മരിച്ച സുധാകരന്‍.

സുധാകരന്‍ തിങ്കളാഴ്ച്ച കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം രാവിലെയാണ് കോഴിക്കോട്ടെക്ക് യാത്ര തിരിച്ചത്. മടക്കയാത്രയിലാണ് രാത്രി പത്തുമണിയോടെ ചെറുകുന്ന് പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപത്തു വെച്ചു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഏതാണെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം ലോഹ കൂമ്പാരമായി മാറി.