കോഴിക്കോട്: മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. മുഖ്യമന്ത്രിയുടെ നൂറു ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌കൂളുകളില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഒരുക്കിയത്.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഒരു ദിവസത്തെ കൂടിയതും കുറഞ്ഞതുമായ താപനില, അന്തരീക്ഷ ആര്‍ദ്രത, കാറ്റിന്റെ ദിശ, കാറ്റിന്റെ വേഗത, മഴയുടെ അളവ് എന്നീ കാലാവസ്ഥാ ഘടകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്വയം നിരീക്ഷിച്ച് രേഖപ്പെടുത്തും. ഒരു പ്രദേശത്തിന്റെ സൂക്ഷ്മ കാലാവസ്ഥ നിരന്തരം നിരീക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും കാലാവസ്ഥ വ്യതിയാനങ്ങള്‍ മനസ്സിലാക്കുന്നതിനും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അവസരം ഒരുക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് പഠന ആവശ്യത്തിനും പൊതുസമൂഹത്തിന് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് വിവരങ്ങള്‍ കൈമാറുന്നതിനും വിവിധ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് ആസൂത്രണ ആവശ്യങ്ങള്‍ക്കും മേപ്പയൂര്‍ സ്‌കൂളിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ശേഖരിക്കപ്പെടുന്ന ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.
വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്ര ശിക്ഷാ കേരളം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. മേലടി ബി ആര്‍ സിക്ക് കീഴില്‍ പ്ലസ് ടുവില്‍ ജ്യോഗ്രഫി വിഷയമായുള്ള മേപ്പയ്യൂര്‍ സ്‌കൂളിലാണ് നിരീക്ഷണകേന്ദ്രം പ്രാവര്‍ത്തികമാക്കിയത് ഡിസംബര്‍ 20ന് ടി പി രാമകൃഷ്ണന്‍ എം എല്‍ എ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ അധ്യക്ഷത വഹിക്കും. എസ് എസ് കെ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഹക്കീം മുഖ്യാതിഥിയാകും.