കോഴിക്കോട്: ദൈവിക മതമായ വിശുദ്ധ ഇസ്ലാമിൻ്റെ അകക്കാമ്പ് മരണശേഷമുള്ള ജീവിതമാണെന്നും ഭൂമിയിലെ ജീവിതം പരീക്ഷണ കാലഘട്ടമായാണ് വിശ്വാസി മനസ്സിലാക്കേണ്ടതെന്നും സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ‘മതം മധുരമാണ് ‘ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മെയ് മാസത്തിൽ ആചരിക്കുന്ന കാംപയിനിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീനി പ്രവർത്തനങ്ങൾ ഭൗതികമായ ഏതെങ്കിലും നേട്ടങ്ങൾ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാവാൻ പാടില്ല. ആത്മാർത്ഥമായ പ്രവർത്തനങ്ങളെ തുടർന്ന് നേട്ടങ്ങളോ നഷ്ടങ്ങളോ ഉണ്ടായേക്കാം. ഭൗതിക നേട്ടങ്ങൾ ലക്ഷ്യം വെക്കാനോ നഷ്ടങ്ങൾ ഭയന്ന് മതപ്രവർത്തനങ്ങളിൽ നിന്ന് പിന്മാറാനോ യഥാർത്ഥ വിശ്വാസിക്ക് സാധിക്കുകയില്ല. പ്രവാചകന്മാരിലും ഖലീഫമാരിലും മദ്ഹബിന്റെയും അല്ലാത്തതുമായ ഇമാമീങ്ങളിലും ഈ വിശ്വാസ ദൃഢതയും നിസ്വാർത്ഥതയും നമുക്ക് കാണാൻ കഴിയും. ഈ മനോഭാവത്തോടെ മതത്തിൻ്റെ ആചാര അനുഷ്ഠാനങ്ങളെ അനുശീലിക്കുമ്പോഴാണ് മതത്തിൻ്റെ മധുരം ആസ്വദിക്കാൻ സാധിക്കുകയെന്നും തങ്ങൾ കൂട്ടി ചേർത്തു.
സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി അധ്യക്ഷനായി. സാലിം ഫൈസി കൊളത്തൂർ,ശുഹൈബുൽ ഹൈതമി വാരാമ്പറ്റ, ഫാരിസ് പി.യു എന്നിവർ വിഷയാവതരണം നടത്തി.
സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി, സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങൾ പാണക്കാട്,ശമീർ ഫൈസി ഒടമല, അസ്കറലി മാസ്റ്റർ കരിമ്പ,ജലീൽ മാസ്റ്റർ പട്ടർകുളം,അനീസ് ഫൈസി മാവണ്ടിയൂർ, ഫാറൂഖ് ഫൈസി മണിമൂളി, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, അലി അക്ബർ മുക്കം, സുറൂർ പാപ്പിനിശ്ശേരി, ശാഫി മാസ്റ്റർ ആട്ടീരി,റഊഫ് ഫൈസി ലക്ഷദ്വീപ്, റാശിദ് ആയഞ്ചേരി, യൂനുസ് ഫൈസി വെട്ടുപാറ, നൗശാദ് ചെട്ടിപ്പടി , റിയാസ് ഫൈസി പാപ്ലശ്ശേരി സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഒ.പി. അശ്റഫ് കുറ്റിക്കടവ് സ്വാഗതവും വർ. സെക്രട്ടറി ബശീർ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.