നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കോഴിക്കോട്: കുറ്റിയാടി ആരോഗ്യ ബ്ലോക്കിലെ നാദാപുരം ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിലായി അഞ്ചാം പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അടിയന്തര ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു. അഞ്ചാം പനിയുമായി ബന്ധപ്പെട്ട് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികള്‍ക്ക് ഉടന്‍ കുത്തിവെപ്പ് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. ഇതിനായി സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തിപ്പെടുത്തുമെന്ന് കലക്ടര്‍ പറഞ്ഞു.
നാദാപുരത്ത് എട്ട് കുട്ടികളിലാണ് അഞ്ചാംപനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുള്ള കൂടുതല്‍ സാംപിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. രോഗവ്യാപന സാധ്യത തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാത്ത കുട്ടികളിലാണ് അഞ്ചാം പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ട് കുത്തിവെപ്പെടുക്കാത്തതോ ഭാഗികമായി മാത്രം കുത്തിവെപ്പെടുത്തതോ ആയ കുട്ടികളുടെ വാക്‌സിനേഷന്‍ വീഴ്ച വരുത്താതെ ഉടന്‍ എടുക്കാന്‍ എല്ലാ രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ പ്രതിരോധ നിയന്ത്രണ പരിപാടികള്‍ ആസൂത്രണം ചെയ്തു.
വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് അഞ്ചാം പനി അഥവാ മീസില്‍സ്. പനിയാണ് ആദ്യ ലക്ഷണം. മൂക്കൊലിപ്പ്, ചുമ, കണ്ണുകള്‍ ചുവക്കുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. നാലു ദിവസം പിന്നിടുമ്പോഴേക്കും ശരീരമാസകലം തിണര്‍ത്ത പാടുകള്‍ കാണപ്പെടുന്നു. വയറിളക്കം, ഛര്‍ദ്ദി, ശക്തമായ വയറുവേദന, അപ്പന്റിസൈറ്റിസ്, കാഴ്ചക്കുറവ്, ന്യൂമോണിയ, മസ്തിഷ്‌ക ജ്വരം എന്നിവയും ഉണ്ടായേക്കാം. വയറിളക്കം കൂടുതലായാല്‍ നിര്‍ജ്ജലീകരണം സംഭവിച്ച് മരണത്തിന് വരെ കാരണമാകാം.
രോഗമുള്ള ഒരാളില്‍ നിന്ന് ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന കണങ്ങളിലൂടെയോ കണ്ണിലെ സ്രവങ്ങളിലൂടെയോ മറ്റൊരാളിലേക്ക് രോഗം പകരാം. പനി, ശരീരത്തില്‍ തിണര്‍പ്പുകള്‍ എന്നീ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പുറത്ത് പോകുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും ഒഴിവാക്കണം. പനിയുള്ള കുട്ടികളെ സ്‌കൂളിലേക്കോ കളിസ്ഥലങ്ങളിലേക്കോ വിടരുത്. തൊട്ടടുത്ത പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ചെന്ന് ഉടന്‍ ചികിത്സ തേടണം.
വയറിളക്കമുണ്ടായാല്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ചെവിയില്‍ പഴുപ്പ് വന്നാല്‍ ആവശ്യമായ ചികിത്സ നടത്തണം. ചുമ, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഉടന്‍ ചികിത്സ തേടണം. വൈറ്റമിന്‍ എ പ്രൊഫൈലാക്‌സിസ് ചികിത്സ ശരീരത്തിലെ അണുബാധ തടയാന്‍ സഹായിക്കും.
ഷെഡ്യൂള്‍ പ്രകാരമുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തവര്‍ക്ക് അഞ്ചാം പനി വരാന്‍ സാധ്യതയില്ല. അതുകൊണ്ട് കുട്ടികള്‍ക്ക് 9 മാസം പ്രായമാകുമ്പോള്‍ ആദ്യ ഡോസ് എം ആറും വൈറ്റമിന്‍ എ യും നല്‍കണം. ഒന്നര വയസ്സ് മുതല്‍ രണ്ട് വയസ്സ് വരെ രണ്ടാം ഡോസും നല്‍കാം. പനി , ശരീരത്തില്‍ തിണര്‍പ്പുകള്‍ എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ സ്വയം ചികിത്സക്ക് മുതിരാതെ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടാന്‍ പ്രത്യേകം ശ്രദ്ധിക്കണം.