ലൈംഗിക പീഡന കേസ്; എന്‍ ഡി എ നേതാവ് എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

India

ബംഗളൂരു: ലൈംഗിക പീഡന കേസില്‍ എന്‍ ഡി എ നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍. ദേവഗൗഡയുടെ പത്മനാഭനഗറിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഹാസന്‍ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി.

രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. ഇരയെന്ന് അവകാശപ്പെടുന്ന പരാതിക്കാരിയുമായി പ്രജ്വല്‍ രേവണ്ണ എം പിയുടേയും മുന്‍ മന്ത്രി എച്ച് ഡി രേവണ്ണയുടേയും വീടുകളില്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഹസനിലെ രേവണ്ണയുടെ വീട്ടിലെത്തിയാണ് പരിശോധന നടത്തിയത്. വീട്ടിലെ കിടപ്പു മുറിയിലും അടുക്കളയിലും സ്റ്റോര്‍ റൂമിലുമൊക്കെ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മുമ്പ് രേവണ്ണയുടെ വീട്ടില്‍ വീട്ടു ജോലിക്ക് നിന്ന സത്രീയാണ് പീഡിപ്പിച്ചതായി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രജ്വല്‍ രേവണ്ണയുടേയും എച്ച്ഡി രേവണ്ണയുടേയും പേരില്‍ കേസെടുക്കുകയായിരുന്നു.

എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി പ്രജ്വല്‍ രേവണ്ണ ഇത്തവണ മത്സരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രജ്വല്‍ രേവണ്ണയ്ക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയിരുന്നു. പ്രധാനമന്ത്രിയും ബി ജെ പിയും ലൈംഗീക പീഡന കേസില്‍ അകപ്പെട്ട നേതാക്കളെ തള്ളിപ്പറയാത്തത് വിവാദമാകുന്നതിനിടെയാണ് അറസ്റ്റ് നടന്നത്.