ഹനീഫ് അദേനി എഴുതി സംവിധാനം ചെയുന്ന ഈ ആക്ഷൻ ചിത്രം നിർമ്മിക്കുന്നത് ഷരീഫ് മുഹമ്മദും അബ്ദുൽ ഗദ്ധാഫും ചേർന്നാണ്. ക്യൂബ്സ് ഇന്റർനാഷണൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകൾ ചേർന്നാണ് നിർമ്മാണവും വിതരണവും. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് മാർക്കോ ഹിന്ദി ഡബ്ബിങ് വിറ്റു പോയത്. 5 കോടിയും 50% തിയേറ്റർ ഷെയറും നൽകിയാണ് ഹിന്ദിയിലെ ഒരു മുൻനിര കമ്പനി സ്വന്തമാക്കിയത്.
കെ ജി എഫ്, സലാർ തുടങ്ങിയ ബിഗ് ബഡ്ജറ്റ് ആക്ഷൻ സിനിമകളുടെ സംഗീത സംവിധായകനായ രവി ബസ്‌റൂർ ആദ്യമായി ഗാനങ്ങളും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഒരുക്കി ഒരു പക്ക കൊമേർഷ്യൽ മലയാള സിനിമയുടെ ഭാഗം ആകുന്നു എന്ന പ്രത്യേകതയും ഉണ്ട് മാർക്കോയ്ക്ക്. എട്ട് ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുന്ന മലയാളത്തിലെ ഏറ്റവും വലിയ സ്റ്റൈലിഷ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ സ്റ്റണ്ട് മാസ്റ്റേഴ്സ് കലൈ കിംഗ്സൺ, സ്റ്റണ്ട് സിൽവ, ഫെലിക്സ് എന്നിവരാണ്.
മലയാളി പ്രേക്ഷകൻ്റെ മനസ്സിൽ ഉണ്ണി മുകുന്ദൻ എന്ന നടന് ആക്ഷൻ ഹീറോയുടെ സ്ഥാനം ഏറെ വലുതാണ്. യുവ തലമുറക്കാരിൽ മികച്ച അക്ഷൻ കൈകാര്യം ചെയ്യുവാൻ ഏറ്റവും സമർത്ഥനായ നടൻ കുടിയാണ് ഉണ്ണി മുകുന്ദൻ. ഇടക്കാലത്ത് മേപ്പടിയാൻ, ഷഫീഖിന്റെ സന്തോഷം, മാളികപ്പുറം, ജയ് ഗണേഷ് തുടങ്ങിയ ഫിൽ ഗുഡ് ത്രില്ലർ സിനിമകളുടെ നായകനായി കുടുംബ സദസ്സുകൾക്കും ഏറെ പ്രിയപ്പെട്ടവനായി മാറി.
സമീപകാലത്തെ ഏറ്റം മികച്ച സ്റ്റൈലൈസ്ഡ്, ആക്ഷൻ- വയലൻസ് ചിത്രമായിരിക്കും മാർക്കോ. വയലൻസ്, ആക്ഷൻ ചിത്രങ്ങൾ ഒരുക്കാൻ ഏറ്റം സമർത്ഥനായ ഹനീഫ് അദ്ദേനി ഒരുക്കുന്ന ഈ ചിത്രത്തിൽ എട്ട് ആക്ഷനുകളാണുള്ളത്. ബോളിവുഡ്ഡിലേയും കോളിവുഡ്ഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആണ് ഇതിലെ ആക്ഷൻ കൈകാര്യം ചെയ്യുന്നത്.
ഹനീഫ് അദേനി സംവിധാനം ചെയ്ത മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. വില്ലൻ കഥാപാത്രമായിരുന്ന മാർക്കോ ജൂനിയർ കേന്ദ്രമാക്കുന്നതോടെ മലയാളത്തിലെ ആദ്യത്തെ വില്ലൻ്റെ സ്പിൻ ഓഫ് സിനിമയായി ഈ ചിത്രം മാറും.
മാർക്കോ ജൂനിയറിൻ്റെ ഭൂതകാലത്തിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്. മികച്ച സംഘട്ടനങ്ങളും, ഇമോഷൻ രംഗങ്ങളും കൂട്ടിയിണക്കി വിശാലമായ ക്യാൻവാസ്സിലൂടെ വലിയ മുതൽമുടക്കിൽ എത്തുന്ന ഒരു മാസ് എൻ്റർടൈനർ ആയിരിക്കും ഈ ചിത്രം. നായിക ഉൾപ്പടെയുള്ള ചില പ്രധാന താരങ്ങൾ ബോളിവുഡ്ഡിൽ നിന്നുള്ളതാണ്. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ തുടങ്ങിയ പ്രമുഖ താരങ്ങളും കൂടാതെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്എ, ഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം – സുനിൽ ദാസ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ.