യുവതിയേയും മകളെയും കൊലപ്പെടുത്തി ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Kollam

കൊല്ലം: യുവതിയേയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീജു (46) എന്നയാളാണ് ഭാര്യ പ്രീത (39), മകള്‍ ശ്രീനന്ദ (14) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന്‍ ശ്രീരാഗ് (17) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ജീവനൊടുക്കാന്‍ ശ്രമിച്ച ശ്രീജുവും ആശുപത്രിയിലാണ്. കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയാണ് പ്രീതയുടേയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ ശ്രീനന്ദയുടേയും മൃതദേഹം കിടപ്പുമുറിയില്‍ ബന്ധുക്കള്‍ കണ്ടത്. ശ്രീജുവിനേയും മകന്‍ പ്ലസ് ടു ഫലം കാത്തിരിക്കുന്ന മകന്‍ ശ്രീരാഗിനേയും അത്യാസന്ന നിലയിലും കണ്ടെത്തി. ഭാര്യയേയും മക്കളേയും വിഷം കൊടുത്ത ശേഷം കത്തിക്കൊണ്ട് കഴുത്തറുത്ത് കൃത്യം നടത്തിയെന്നാണ് നിഗമനം. കൈ ഞരമ്പ് മുറിച്ച നിലയിലാണ് ശ്രീജുവിനെ കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യതയുണ്ടെന്നും പ്രീതയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നുമാണ് ബന്ധുക്കളുടെ മൊഴി. കൂലിപ്പണിക്കാരനായ ശ്രീജുവിന് വീടിനടുത്ത് രണ്ടു മുറി ടെക്‌സ്‌റ്റൈല്‍സുമുണ്ട്. പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റാണ് പ്രീത.