പത്താം ക്ലാസ്സുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kannur

കണ്ണൂര്‍: പത്താം ക്ലാസുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉളിക്കല്‍ അറബിക്കുളത്ത് നിന്ന് കാണാതായ പതിഞ്ചുകാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വയത്തൂര്‍ ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയ ദുര്‍ഗ. ഇരിട്ടി ബാരാപ്പുഴയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് കണ്ണൂര്‍ ഉളിക്കല്‍ അറബിക്കുളം സ്വദേശി 15 വയസുകാരി ദുര്‍ഗയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. നടുവിലെ പുരയില്‍ രതീഷ് – സിന്ധു ദമ്പതികളുടെ മകളാണ് പത്താം തരം വിദ്യാര്‍ഥിയായ ദുര്‍ഗ. ഇന്ന് ഉച്ചയോടെയാണ് ഇരിട്ടി ബാരാപ്പുഴയില്‍ നിന്ന് മൃതദേഹം നാട്ടുകാര്‍ കണ്ടെത്തുന്നത്.

വീട്ടില്‍ നിന്ന് അകലെയുള്ള ഇരിട്ടി ബാരാപ്പുഴയില്‍ മൃതദേഹം എത്തിയതില്‍ ഉള്‍പ്പെടെ ദുരൂഹതയുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പറയാന്‍ കഴിയൂ എന്നാണ് പോലീസ് പറയുന്നത്. മരിച്ച വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിയെ കാണാതായ ദിവസത്തെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.