പന്തിപ്പൊയില്‍ പാലം പുനര്‍ നിര്‍മ്മിക്കണം: ജോമോന്‍ വളത്തറ

Wayanad

പടിഞ്ഞാറത്തറ: തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന പന്തിപ്പൊയില്‍ പാലം പുനര്‍നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് വയനാട് ജില്ല പ്രസിഡന്റ് ജോമോന്‍ വളത്തറ ആവശ്യപ്പെട്ടു. കാലപ്പഴക്കാല്‍ പാലം തകര്‍ച്ചയിലെത്തി നില്‍ക്കുകയാണ്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് അറിവുനല്‍കിയെങ്കിലും തിരിഞ്ഞുനോക്കുന്നില്ല. ഒരു ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് അധികൃതര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും ജോമോന്‍ വളത്തറ ആവശ്യപ്പെട്ടു.

ബാണാസുര ഡാമിലേക്കും കാപ്പിക്കളം, മീന്‍മുട്ടി വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങളിലേക്കുമായി വിനോദ സഞ്ചാരികളടക്കമുള്ളവരെത്തുന്ന നൂറുകണക്കിന് വാഹനങ്ങള്‍ ഈ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. മഴക്കാലം അടുത്തതോടെ പാലം കൂടുതല്‍ അപകട ഭീഷണിയിലുമാണ്. സര്‍ക്കാറിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും ജോമോന്‍ വളത്തറ ആവശ്യപ്പെട്ടു.