ഐ എന്‍ ടി യു സി ജില്ലാ സമ്മേളനം; പതാക-കൊടിമര-ഛായാചിത്ര ജാഥകള്‍ നാളെ

Wayanad

കല്പറ്റ: ഐ എന്‍ ടി യു സി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമ്മേളനം നടക്കുന്ന കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലെ ഉമ്മന്‍ചാണ്ടി നഗറിലേക്ക് എത്തിച്ചേരുന്ന വിവിധ ജാഥകള്‍ നാളെ ശനിയാഴ്ച നടക്കും.

മാനന്തവാടി തലപ്പുഴയിലെ ഡി യേശുദാസ് സ്മൃതി മണ്ഡപത്തില്‍ നിന്നും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്ത് സംസ്ഥാന ജനറല്‍സെക്രട്ടറി ടി എ റെജി നയിക്കുന്ന ഛായാചിത്ര ജാഥ, മേപ്പാടി ചൂരല്‍ മലയില്‍ പി കെ ഗോപാലന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി സുരേഷ് ബാബു നയിക്കുന്ന പതാകജാഥ, സുല്‍ത്താന്‍ ബത്തേരി പി ചാത്തു മേസ്ത്രി നഗറില്‍ നിന്നും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ ഉമ്മര്‍ കുണ്ടാട്ടില്‍ നയിക്കുന്ന കൊടിമരജാഥ എന്നിവ വൈകുന്നേരം അഞ്ചുമണിക്ക് കൈനാട്ടിയില്‍ സംഗമിക്കുകയും അവിടെ നിന്നും കല്പറ്റ മുനിസിപ്പല്‍ ഓഫീസ് പരിസരത്തേക്ക് എത്തിച്ചേരുന്ന ജാഥകളെ മുനിസിപ്പല്‍ ഓഫീസ് പരിസരത്തു നിന്നും സ്വീകരിച്ച് നിരവധി വാഹനങ്ങളുടെയും തൊഴിലാളികളുടെയും ബാന്‍ഡ് മേളങ്ങളുടെയും അകമ്പടിയോടുകൂടി സമ്മേളന നഗരിയായ പുതിയ ബസ്റ്റാന്‍ഡിലേക്ക് എത്തിച്ചേരും.

തുടര്‍ന്ന് ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി പുതിയ ബസ് സ്റ്റാന്‍ഡിനുള്ളിലെ സമ്മേളന വേദിയായ ഉമ്മന്‍ചാണ്ടി നഗറില്‍ പതാക ഉയര്‍ത്തും. മറ്റന്നാള്‍ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് സമീപത്തുനിന്നും ആരംഭിക്കുന്ന റാലിയില്‍ പങ്കെടുക്കാനുള്ള പ്രവര്‍ത്തകരെ എത്തിക്കുന്ന വാഹനങ്ങള്‍ ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് സമീപത്ത് പ്രവര്‍ത്തകരെ ഇറക്കി ബൈപ്പാസ് റോഡില്‍ പാര്‍ക്ക് ചെയ്യണമെന്നും പൊതുസമ്മേളനം കഴിയുന്ന സമയത്ത് പുതിയ സ്റ്റാന്‍ഡിലേക്ക് എത്തി പ്രവര്‍ത്തകരെ തിരിച്ചുകൊണ്ടുപോകാനുള്ള ക്രമീകരണം നടത്തണമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.