തെറ്റിപ്പോയ ഭാര്യയെ തിരികെ എത്തിക്കാന്‍ വീഡിയോകോള്‍ ചെയ്ത് ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു

Crime

ബംഗളൂരു: ഭാര്യയെ വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു. ബംഗളൂരുവിലെ ബഗലഗുണ്ടെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കുന്ന ബിഹാര്‍ സ്വദേശി അമിത് കുമാര്‍ (28) ആണ് മരിച്ചത്.

ജിം പരിശീലകനായി ബംഗളൂരുവില്‍ ജോലി ചെയ്യുകയാണ് അമിത് കുമാര്‍. ഇദ്ദേഹവും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നു. തുടര്‍ന്ന് ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. അമിത് കുമാര്‍ ഭാര്യയെ വിളിച്ച് വീട്ടിലേക്ക് മടങ്ങാന്‍ പലതവണ അഭ്യര്‍ഥിച്ചെങ്കിലും തയ്യാറായില്ല. തുടര്‍ന്നാണ് ഭാര്യയെ പേടിപ്പിക്കാനായി ആത്മഹത്യാഭീഷണിയുമായി വീഡിയോ കോള്‍ ചെയ്തത്.

തിരികെ വന്നില്ലെങ്കില്‍ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തി. ഇതിനിടയില്‍ അബദ്ധത്തില്‍ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. ഭാര്യ നഴ്സിങ് കോഴ്സിന് ചേര്‍ന്നതിന് ശേഷം സംശയത്തെ തുടര്‍ന്ന് അമിത് വഴക്കിടാറുണ്ടായിരുന്നു. തുടര്‍ന്നാണ് ഭാര്യ മാറി താമസിച്ചത്.