ഹജ്ജ് വളണ്ടിയര്‍ നിയമനം കളങ്കപ്പെടുത്തിയവര്‍ക്കെതിരെ നടപടി വേണം: സി പി ഉമര്‍ സുല്ലമി

Kozhikode

കോഴിക്കോട്: ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ ഹജ്ജ് ക്യാമ്പില്‍ നിയമിക്കപ്പെടുന്ന വളണ്ടിയര്‍മാരെ കാന്തപുരം സുന്നി സംഘടനക്ക് പതിച്ച് നല്കി ഹജ്ജ് സേവനങ്ങളെ കള്ളപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ ജന:സെക്രട്ടറി സി. പി. ഉമര്‍ സുല്ലമി ഹജ്ജ് വഖഫ് മന്ത്രി വി. അബ്ദുറഹ്മാന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

മുസ്‌ലിം സമൂഹം ഏറ്റവും പവിത്രമായി കരുതുന്ന ആരാധനയാണ് ഹജ്ജ്. ഹജ്ജുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കുള്ള ഔദ്യോഗിക സംവിധാനമായ ഹജ്ജ് കമ്മിറ്റി മുസ്ലിം സമൂഹത്തിലെ എല്ലാ അവാന്തര വിഭാഗങ്ങളെയും ഉള്‍കൊണ്ട്‌നിഷ്പക്ഷമായാണ് നാളിതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. അതിന്റെ നേതൃ നിരയിലെത്തുന്നവര്‍ വിവിധ മുസ്‌ലിം സംഘടനകളുടെ ഭാഗമായ് പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ഇത്തരം വിഭാഗീയതക്കതീതമായി തങ്ങളുടെ പദവിയും ഉത്തരവാദിത്വവും നിര്‍വഹിച്ചു വരുന്നതിനാലാണ് നാളിതുവരെയും പരാതികളില്ലാതെ മുന്നോട്ട് പോയിട്ടുള്ളത്.

എന്നാല്‍ ഇത്തവണ ഹജ്ജ് വളണ്ടിയര്‍ആവുന്നതിനുള്ള അപേക്ഷ ഫോറത്തില്‍ കേരള മുസ്ലിം ജമാഅത്ത്,SSF, SYS എന്നിങ്ങനെ സുന്നി സംഘടനകളിലെ ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉള്‍പെടുത്തി ഫോം വിതരണം ചെയ്തത് ദുരൂഹമാണ്.

സമസ്ത EK, AP വിഭാഗങ്ങള്‍, മുജാഹിദിലെ KNM മര്‍കസുദ്ദഅവ, KNM (CD ShÀ) , വിസ്ഡം, ജമാഅത്തെ ഇസ്ലാമി, ദക്ഷിണ കേരളജംഇയ്യത്തുല്‍ ഉലമ, സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ, തബ്ലീഗ് ജമാഅത്ത് തുടങ്ങി വ്യത്യസ്ത മുസ്ലിം സംഘടനകളില്‍ പെട്ടവര്‍ സംഘടന സങ്കുചിതത്വമില്ലാതെ നാളിതുവരെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഹജ്ജ് വളണ്ടിയര്‍ സേവനത്തെ തികച്ചും സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി സങ്കുചിതവത്കരിച്ച് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തവര്‍ക്കെതിരെ അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് KNM മര്‍കസുദഅവക്ക് വേണ്ടി സി.പി. ഉമര്‍ സുല്ലമി ആവശ്യപ്പെട്ടു.