കൊണ്ടോട്ടി: നിലമ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇ.കെ. അയമു സ്മാരക ട്രസ്റ്റിന്റെ നാടക രംഗത്തെ സമഗ്രസംഭാവനക്കുള്ള ഇ.കെ. അയമു അവാര്‍ഡ് അഭിനേത്രി നിലമ്പൂര്‍ ആയിഷക്ക് മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ. ബേബി സമ്മാനിച്ചു.
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, ഇ.കെ. അയമു സ്മാരക ട്രസ്റ്റ്, ടി.എ. റസാഖ് ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ എന്‍. പ്രമോദ് ദാസ് അധ്യക്ഷത വഹിച്ചു.
മത യാഥാസ്ഥിതികത്വം സൃഷ്ടിച്ച വിലങ്ങുകള്‍ പൊട്ടിച്ചെറിഞ്ഞ് കലാരംഗത്തേക്ക് വന്ന വിപ്ലവകാരിയായ കലാകാരിയാണ് നിലമ്പൂര്‍ ആയിഷയെന്ന് എം.എ. ബേബി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് നടന്ന ഇ.കെ. അയമു അനുസ്മരണ സമ്മേളനത്തില്‍ ഇ.കെ. അയമു സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ ഇ. പത്മാക്ഷന്‍, അവാര്‍ഡ് ജേതാവ് നിലമ്പൂര്‍ ആയിഷ, ടി.കെ. ഹംസ, ഡോ. ഹുസൈന്‍ രണ്ടത്താണി, ബഷീര്‍ ചുങ്കത്തറ, വിനോദ് കോവൂര്‍, ബെന്ന ചേന്ദമംഗലൂര്‍, ചലച്ചിത്ര സംവിധായകന്‍ രാഹുല്‍ കൈമല, ടി.ടി. കബീര്‍, സി. രാജീവ്, കരീം പുളിയങ്കല്ല് തുടങ്ങിയവര്‍ സംസാരിച്ചു.
സാംസ്‌കാരിക സമ്മേളനത്തിനു ശേഷം ഇ.കെ. അയമുവിന്റെ ജീവിത കഥ പറയുന്ന രാഹുല്‍ കൈമല സംവിധാനം ചെയ്ത ”ചോപ്പ്” സിനിമ മാപ്പിളകലാ അക്കാദമിയിലെ ടി.എ. റസാഖ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. സിനിമ മെയ് 23 വരെ എല്ലാ ദിവസവും വൈകുന്നേരം പ്രദര്‍ശനം നടത്തും. സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ 8921422204 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.