വലിയ സന്ദേശവുമായി ഒരു ചെറിയ സിനിമ, ശശി കാവുമന്ദത്തിന്‍റെ 101-ാമത് സിനിമയും ശ്രദ്ധേയം

Wayanad

ചെറിയ സിനിമകളിലൂടെ വലിയ സന്ദേശങ്ങള്‍ പ്രേക്ഷകരിലെത്തിക്കുന്ന ശശി കാവുംമന്ദത്തിന്റെ നൂറ്റിയൊന്നാമത് സിനിമയും ഏറെ ശ്രദ്ധേയം. മദ്യപാനത്തിന്റെ ദോഷങ്ങള്‍ പറയുന്നതോടൊപ്പം അശ്രദ്ധമായുള്ള ഫോണ്‍ വിളി ജീവനെടുക്കുന്നതും ഈ ചെറിയ സിനിമയിലൂടെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.

അരളിപ്പൂ ഒരു യുവതിയുടെ ജീവനെടുത്ത സംഭവം സമീപ കാലത്ത് നടന്നിരുന്നു. അശ്രദ്ധമായി ഫോണ്‍ വിളിക്കുന്നതിനിടെ ചിലരെല്ലാം ഇത്തരത്തില്‍ ഓരോന്ന് വായിലിടുന്നതും ചവയ്ക്കുന്നതും പതിവാണ്. ഇത് വരുത്തിവെക്കുന്ന ദുരന്തമാണ് ഇതിലൂടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. അമിത മദ്യപാനം സൃഷ്ടിക്കുന്ന കുടുംബ പ്രശ്‌നങ്ങള്‍ പറയുന്നതിനൊപ്പമാണ് അരളിപ്പൂവിന്റെ കാര്യവും അവതരിപ്പിച്ചത്.

ചെറിയ സമയത്തിനുള്ളില്‍ വലിയ രണ്ട് സന്ദേശങ്ങള്‍ പ്രേക്ഷകരിലെത്തിക്കാന്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഏതാനും പുതുമുഖങ്ങളും ഉണ്ടെങ്കിലും അഭിനേതാക്കളെല്ലാം അവരവരുടെ ഭാഗങ്ങള്‍ നന്നായും ഭംഗിയായും പ്രേക്ഷകര്‍ക്ക് മുഷിപ്പുണ്ടാക്കാത്ത രീതിയിലും അഭിനയിച്ചു എന്നതും എടുത്തുപറയേണ്ട നേട്ടം തന്നെയാണ്.

അമല്‍ ലക്കിടി, സുന്ദര്‍രാജ് എടപ്പെട്ടി, ബാബു കൊളവയല്‍, ഉണ്ണി മേപ്പാടി, ജയപ്രകാശ് കൊടിയേരി, മാസ്റ്റര്‍ ആദിത്യന്‍, രേഖ, ഷേര്‍ളി എന്നിവരാണ് ഇതിലെ അഭിനേതാക്കള്‍. വേണു കവിയൂര്‍, ഷൈജ, ജയകാന്തി, ശ്വേദിന്‍ കവിയൂര്‍ എന്നിവരാണ് ഡബ്ബിംഗ് നിര്‍വഹിച്ചിരിക്കുന്നത്.