മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തി പിടിയിലായ എയര്‍ഹോസ്റ്റസ് സുരഭി പലപ്പോഴായി കടത്തിയത് 20 കിലോ

Kerala

കോഴിക്കോട്: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തി കണ്ണൂരില്‍ പിടിയിലായ എയര്‍ഹോസ്റ്റസ് സുരഭി പലപ്പോഴായി 20 കിലോയോളം സ്വര്‍ണം കടത്തി. കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തവെയണ് എയര്‍ഹോസ്റ്റസ് സുരഭി പിടിയിലായത്. സംഭവത്തില്‍ ഡി ആര്‍ ഐ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതുവരെ ശേഖരിച്ച തെളിവ് പ്രകാരം സുരഭി ഖാത്തുണ്‍ ഇതിനുമുമ്പും പലവതവണയായി 20 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ കേരളം കേന്ദ്രീകരിച്ചുള്ള വ്യക്തികളുടെ പങ്കും അന്വേഷിക്കുന്നു.

സ്വര്‍ണക്കടത്തില്‍ മറ്റ് വിമാന ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സംഘത്തെ കുറിച്ചുള്ള ചില നിര്‍ണായക വിവരങ്ങള്‍ സുരഭിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചതായാണ് വിവരം. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് നടക്കുമെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മലദ്വാരത്തില്‍ ഒരുകിലോ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ എയര്‍ ഹോസ്റ്റസ് സുരഭി ഖാത്തൂണിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു എന്ന അനുമാനത്തിലാണ് ഡിആര്‍ഐ. പരിശീലനം ലഭിക്കാത്ത ഒരാള്‍ക്ക് ഇത്രയധികം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ കഴിയില്ലെന്നാണ് പറയുന്നത്.

സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ യുവതികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന സംഘങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഗര്‍ഭനിരോധന ഉറയ്ക്കുള്ളില്‍ സുരക്ഷിതമായി പൊതിഞ്ഞാണ് സ്വര്‍ണം ശരീരത്തിനുള്ളിലാക്കുന്നത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊല്‍ക്കത്ത സ്വദേശി സുരഭി റവന്യു ഇന്റലിജന്‍സിന്റെ പിടിയിലായത്. മസ്‌ക്കറ്റില്‍ നിന്ന് കണ്ണൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 714 വിമാനത്തിലെ കാബിന്‍ ക്രൂ അംഗമാണ് 26കാരിയായ സുരഭി. മലദ്വാരത്തില്‍ 960 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്.