സൗദിയിലെ പ്രഥമ കുട്ടി മലയാളം ക്ലബ്ബിന് ജിദ്ദയിലെ അൽഹുദാ മദ്രസയിൽ തുടക്കമായി

Gulf News GCC Saudi Arabia

ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന മലയാളം മിഷന് കീഴിൽ,  കുട്ടികളിൽ മാതൃഭാഷാ സ്നേഹം വളർത്താനും ഭാഷാപരമായ കഴിവുകൾ പരിപോഷിപ്പിക്കാനുമായി രൂപം നൽകുന്ന കുട്ടി മലയാളം ക്ലബ്ബുകളുടെ സൗദി അറേബ്യയിലെ ആദ്യ ശാഖക്ക് ജിദ്ദ അൽ ഹുദാ മദ്രസയിലെ പ്രൗഢ വേദിയിൽ വർണ്ണാഭമായ തുടക്കം.

വെർച്വൽ മീഡിയ പ്ലാറ്റ്ഫോം വഴി പങ്കെടുത്ത മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ  ശ്രീ. മുരുകൻ കാട്ടാക്കട അൽഹുദാ കുട്ടി മലയാളം ക്ലബ്ബിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മലയാള ഭാഷാ പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ച്  അദ്ദേഹം കുട്ടികളുമായി സംവദിച്ചു.

മലയാളം മിഷൻ സൗദി ചാപ്റ്റർ രക്ഷാധികാരി ഷിബു തിരുവനന്തപുരം കുട്ടി മലയാളം ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. കവിതകളും പഴഞ്ചൊല്ലുകളുമൊക്കെയായി ഹംസ മദാരി കുട്ടികളുമായി സംവദിച്ചു.

കുട്ടി മലയാളം ക്ലബ്ബിലെ മുഹമ്മദ് റാമിൻ, മുഹമ്മദ് റബീഹ്, മർവ്വ, അസീൻ സിയ, ശസ ഫാദിയ, ഷെൻസ ഫാതിമ, ഫാതിമ സിയ, താനിയ, റിദ ആലുങ്ങല്‍, ദൈഫ സൈനബ്, ഷെൻസ സിഫാസ്, ആലിയ ഫാത്തിമ എന്നിവരുടെ സംഘവും  സുബ്ഹാൻ അഷ്റഫ്, മർവ, ആലിയ ഫാത്തിമ എന്നിവരും കവിതകൾ ആലപിച്ചു. ചുരുങ്ങിയ വാക്കുകളിൽ മലയാള ഭാഷയുടെ പ്രാധാന്യം ബോധിപ്പിച്ച് പ്രസംഗിച്ച ലഹൻ ലിയാഖത് സദസ്സിനെ കയ്യിലെടുത്തു.

മലയാളം മിഷന്‍ ജിദ്ദ രക്ഷാധികാരി നസീര്‍ വാവക്കുഞ്ഞ്, പ്രസിഡന്റ് നിഷ നൗഫല്‍, ജനറല്‍ സെക്രട്ടറി റഫീഖ് പത്തനാപുരം, മിഷന്‍ അധ്യാപിക സുവിജ സത്യന്‍, കോര്‍ഡിനേറ്റര്‍ ജുനൈസ് അസൈനാര്‍, ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി, പ്രവാസിപത്രം.കോം എഡിറ്റര്‍ പി.എം മായിന്‍കുട്ടി, ഒഐസിസി റീജിയണല്‍ ജനറല്‍ സെക്രട്ടറി അസ്ഹാബ് വര്‍ക്കല, ഇസ്‌ലാഹി സെന്റർ ജിദ്ദ പ്രസിഡന്റ്  അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, എഴുത്തുകാരൻ  ബഷീര്‍ വള്ളിക്കുന്ന് എന്നിവര്‍ ആശംസകള്‍ അർപ്പിച്ച് സംസാരിച്ചു.

മലയാളം മിഷൻ ജിദ്ദ മേഖലാ ഭാരവാഹികൾ, മദ്രസ ഭാരവാഹികൾ, മദ്രസ അധ്യാപകർ, ഇസ്‌ലാഹി സെൻ്റർ ഭാരവാഹികൾ തുങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

സലാഹ് കാരാടൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അൽ ഹുദാ മദ്രസ പ്രിൻസിപ്പാൾ ലിയാഖത്ത് അലി ഖാൻ സ്വാഗതവും അൽ ഹുദാ കുട്ടി മലയാളം ക്ലബ് കോ-ഓർഡിനേറ്റർ അൻവർ കടലുണ്ടി നന്ദിയും പറഞ്ഞു.