എം.എം. ഹൈ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഇനി ക്ലാസ് റൂമിലിരുന്നും വായിക്കാം

Kozhikode

കോഴിക്കോട്: മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെ ആധിക്യം കാരണം വിദ്യാർത്ഥികളിൽ വായനാശീലം അന്യമായി വരുന്ന ഇക്കാലത്ത് നഗര
ത്തിലെ ഒരു വിദ്യാലയത്തിലെ നാലു പതിറ്റാണ്ട് കാലം പിന്നിട്ട ഒരു ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കഠിന പ്രയത്നം ഫലവത്താക്കി കൊണ്ട് മുഴുവൻ ക്ലാസ് റൂമുകളിലും ലൈബ്രറികൾ പ്രവർത്തന സജ്ജമായി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള എം.എം. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ 1977- 78 ബാച്ചിൻ്റെ സാംസ്ക്കാരിക വിഭാഗമായ വേവ്സിൻ്റെ പദ്ധതിയായ സമ്പൂർണ്ണ ക്ലാസ് റൂം ലൈബ്രറി സ്കൂളിലെ 36 ക്ലാസ്മുറികളിലും സജ്ജീകരിച്ച് നടപ്പിലാക്കിയത് പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ മുഖ്യാതിഥി ഡോ. ബീന ഫിലിപ്പിന് പുസ്തകങ്ങൾ കൈമാറി ക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

യുനെസ്ക്കൊ പ്രഖ്യാപിച്ച സാഹിത്യ നഗരി പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചത്. സ്ക്കൂൾ പവലിയനിൽ വെച്ച് നടത്തിയ വർണ്ണാഭമായ ചടങ്ങിൽ വേവ്സ് പ്രസിഡൻ്റ് സി.ഇ. വി. അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥിയായ ഡോ. എം.കെ. മുനീർ എം.എൽ.എ. കൂട്ടായ്മയുടെ അടുത്ത പ്രോഗ്രാമായ ഗവൺമെൻ്റ് ആശാ ഭവൻ (മെൻ), ഫ്രീ ബേർഡ്സ് ഷെൽട്ടർ ഹോം ഫോർ ബോയ്സ് എന്നിവിടങ്ങളിൽ നടപ്പിലാക്കുന്ന ലൈബ്രറി പ്രോജക്ട് ഓഫർ കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ-കായിക സ്ഥിരം സമിതി ചെയർമാൻ സി. രേഖയ്ക്കും, ആശാ ഭവൻ സൂപ്രണ്ടിനും കൈമാറി.

ലൈബ്രറി കമ്മിറ്റി കൺവീനർ എ.വി. റഷീദ് അലി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ ഉഷാ ദേവി ടീച്ചർ, പി. മുഹസിന, കോഴിക്കോടിൻ്റെ സാഹിത്യ യശസ്സിന് മാറ്റ് കൂട്ടിയ എസ്. കെ. പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ്, തിക്കൊടിയൻ, എൻ.പി. മുഹമ്മദ് എന്നീ സാഹിത്യ മഹാരഥൻമാരുടെ മക്കളായ സുമിത്ര ജയ പ്രകാശ്, അനീസ് ബഷീർ, ഇ. സുധാകരൻ, എം. പുഷ്പ, എൻ.പി. ജാസ്മിൻ, എഴുത്തുകാരി സാബി തെക്കെപ്പുറം, പ്രിൻസിപ്പാൾ കെ.കെ. ജലീൽ, ഹെഡ്മാസ്റ്റർ സി.സി. ഹസ്സൻ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡൻ്റ് ടി.പി. ഹംസത്ത്, വ്യവസായ പ്രമുഖൻ ഡോ. സി.എം. നജീബ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.വി. ഇസ്ഹാഖ് സ്വാഗതവും വൈസ് പ്രസിഡൻ്റ് ടി.പി. ഇസ്മായിൽ നന്ദിയും പറഞ്ഞു.