നീറ്റ് പരീക്ഷ: വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കരുതെന്ന് കെ എൻ എം

Kozhikode

കോഴിക്കോട്: നീറ്റു പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ആശങ്കകൾ അകറ്റണമെന്ന് കെ എൻ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തിയ നീറ്റ് പരീക്ഷ സുതാര്യമല്ലെന്ന ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സംശയം ദൂരീകരിക്കണം.

റാങ്ക് നിശ്ചയിച്ചതിലും ഗ്രേസ്മാർക്ക് നല്കിയതിലും അപാകതകൾ നടന്നിട്ടുണ്ട് എന്ന് വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ , പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ ആശങ്കകൾ അകറ്റാൻ എത്രയും വേഗം കേന്ദ്ര സർക്കാർ ഇടപെടണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.

ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ ഭാവിക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. രാജ്യത്തെ ജനാധിപത്യവും മത നിരപേക്ഷതയും ഭരണ ഘടനയും സംരക്ഷിക്കാൻ ഇൻഡ്യ മുന്നണിയുടെ തിളക്കമാർന്ന വിജയം കാരണമാകുമെന്നു യോഗം വിലയിരുത്തി.

ഇൻഡ്യ മുന്നണിക്ക് സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ലെങ്കിലും കഴിഞ്ഞ സർക്കാറിന്റെ പ്രതികാര രാഷ്ട്രീയ ശൈലിക്ക് ജനാധിപത്യപരമായി പ്രതിരോധം തീർക്കാനുള്ള ഉത്തരവാദിത്തമാണ് അവർക്ക് ജനം നൽകിയിരിക്കുന്നത്. ജന വിരുദ്ധ ,ന്യുനപക്ഷ വിരുദ്ധ നിലപാടുകൾക്കുള്ള തിരിച്ചടിയാണ് കഴിഞ്ഞ സർക്കാറിന് ലഭിച്ചിട്ടുള്ളത്. രാജ്യത്തെ ജനങ്ങളെ വിഭജിക്കാനുള്ള നീക്കം പുതിയ സർക്കാർ ഉപേക്ഷിക്കണമെന്നും കെ എൻ എം ആവശ്യപ്പെട്ടു. വെറുപ്പിന്റെ
രാഷ്ട്രീയത്തിനു കൂടുതൽ കാലം നിലനിൽപ്പില്ലെന്ന് തെരെഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ടെന്നും കെ എൻ എം അഭിപ്രായപ്പെട്ടു

സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി, നൂർ മുഹമ്മദ് നൂർഷ, എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, ഡോ. ഹുസൈൻ മടവൂർ, പ്രൊഫ എൻ വി അബ്ദു റഹ്‌മാൻ,എ പി അബ്ദു സമദ്,
എ അസ്ഗർ അലി,എം ടി അബ്ദു സമദ് സുല്ലമി, എം സ്വലാഹുദ്ദീൻ മദനി, ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,ഡോ.പി പി അബ്ദുൽ ഹഖ്,ഡോ.സുൾഫിക്കർ അലി, സി.മുഹമ്മദ് സലീം സുല്ലമി എന്നിവർ പ്രസംഗിച്ചു