നെയ്യാറ്റിൻകര താലൂക്ക് ലൈബ്രേറിയൻമാർക്ക് “പബ്ലിക് ” സോഫ്റ്റ്‌വെയർ പരിശീലനം നൽകി

Thiruvananthapuram

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലൈബ്രറി മാനേജ്മെൻ്റ് സോഫ്റ്റ്‌വെയർ പരിശീലനത്തിൻ്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ പി.കെ. രാജമോഹനൻ നിർവ്വഹിച്ചു.

ലൈബ്രറി കൗൺസിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.എസ്.എസ് റോജി,
സെക്രട്ടറി ഗോപകുമാർ എസ്, ജോയിൻ്റ് സെക്രട്ടറി അനിൽ, സോഫ്റ്റ് വെയർ പരിശീലകൻ സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

ശാസ്ത്രത്തിൻറെ നന്മകളെയും നേട്ടങ്ങളെയും പ്രയോജനപ്പെടുത്തി
ലൈബ്രറി സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും
വേണ്ടിയാണ് ‘പബ്ലിക് ‘ എന്ന് പേരിട്ടിരിക്കുന്ന സോഫ്റ്റ്‌വെയർ ഓരോ ലൈബ്രേറിയനെയും പരിശീലിപ്പിക്കുന്നത്.

മൊബൈൽ റീഡിങിൻ്റെ സാധ്യതകൾ വിശാലമായ ഇക്കാലത്ത് പുസ്തകങ്ങൾക്കു വേണ്ടി ലൈബ്രറികൾ സന്ദർശിക്കുന്നവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞുവരികയാണ്.
എന്നാലും വായന കുറയുന്നില്ല. പുസ്തക വില്പനയിൽ പ്രസാധകർ വമ്പൻ വിജയം കൊയ്യുന്ന കാലം കൂടിയാണിത്.

പുസ്തകം കയ്യിലെടുത്ത് പേജുകൾ വായിക്കുന്ന ആനന്ദം ഒരു ഡിവൈസിനും നൽകാൻ സാധിക്കുന്നില്ല എന്ന കാഴ്ചപ്പാടാണ് എല്ലാവരിലും ഉടലെടുക്കുന്നത്. സോഫ്റ്റ്‌വെയർ കൊണ്ട് പുസ്തകങ്ങളെയും അവ ഉൾക്കൊള്ളുന്ന ലൈബ്രറിയേയും വായനക്കാരന് ഒറ്റ ക്ലിക്കിലൂടെ അറിയാൻ കഴിയുന്ന തരത്തിലാണ് പബ്ലിക് തയ്യാറെടുക്കുന്നത്.
സംസ്ഥാന ലൈബ്രറി കൗൺസിലിൽ അംഗത്വമുള്ള 9633 ഗ്രന്ഥശാലകളിലെ ലൈബ്രേറിയൻമാർക്കും സോഫ്റ്റ്‌വെയർ ഉപയോഗിക്കാനുള്ള പരിശീലനത്തിൻ്റെ ആദ്യഘട്ടമാണിത്.