ചികിൽസ മുടക്കുന്ന പൗരോഹിത്യത്തെ വിശ്വാസികൾ തിരുത്തണം: കെ.എൻ.എം. മർകസുദ്ദഅവ

Kannur

വളപട്ടണം : ഭാര്യയും ഭാര്യ വീട്ടുകാരും ആവശ്യപ്പെട്ടിട്ടും പ്രസവ വേദന വന്ന സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോകില്ലെന്ന അന്ധവിശ്വാസിയായ ഭർത്താവിൻ്റെ വാശിയിൽ ഗർഭിണി മരിക്കാനിടയായ സംഭവത്തെ മതസമൂഹവും പൊതു സമൂഹവും ഗൗരവത്തിൽ കാണണമെന്നും കുറ്റവാളിയായ പുരോഹിതനെതിരെ സർക്കാർ കർശനമായ നടപടി സ്വീകരിക്കണമെന്നും കെ എൻ എം മർകസുദ്ദഅവ വളപട്ടണം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

മരണപ്പെട്ട മഹാന്മാരാണ് ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതെന്ന ഗുരുതരായ അന്ധവിശ്വാസവും മതവിരുദ്ധതയും ശാസ്ത്ര വിരുദ്ധതയും പ്രചരിപ്പിച്ച് ദുർബല വിശ്വാസികളെ വഴി തെറ്റിക്കുന്ന പുരോഹിതന്മാരെ വിശ്വാസികൾ തിരസ്കരിക്കണമെന്നും തിരുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.

മെയ് നാലിന് പൂതപ്പാറയിൽ നടക്കുന്ന മണ്ഡലം തല പഠന കേമ്പ് വിജയിപ്പിക്കാനും പ്രഭാഷകരായി അബ്ദുൽ കലാം ഒറ്റത്താണി, ഫൈസൽ നന്മണ്ട, നൗഫൽ ഹാദി എന്നിവരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. പoന കേമ്പിൻ്റെ വിപുലമായ സ്വാഗത സംഘ രൂപീകരണ യോഗം 13 ന് രാവിലെ 10 മണിക്ക് പൂതപ്പാറ സലഫി മദ്രസയിൽ ചേരുന്നതാണ്.

ഏപ്രിൽ 12 മുതൽ 17 വരെ പൂതപ്പാറ ‘മരുപ്പച്ച’യിൽ നടക്കുന്ന എം.ജി.എം ജില്ലാതല ‘മോറൽ ഹട്ടി’ലേക്ക് വളപട്ടണം മണ്ഡലത്തിൽ നിന്ന് 30 കുട്ടികളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

മണ്ഡലം പ്രസിഡണ്ട് അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് നജീബ് ടി,ശംസുദ്ദീൻ പാലക്കോട്, നൗഷാദ് കൊല്ലറത്തിക്കൽ, അബ്ദുൽ ജബ്ബാർ വളപട്ടണം എന്നിവർ പ്രസംഗിച്ചു.