വനിതാ ഡോക്ടറില്‍ നിന്ന് 7 ലക്ഷം രൂപയും 30 പവനും തട്ടിയ യൂട്യൂബര്‍ പിടിയില്‍

Eranakulam

കൊച്ചി: വനിതാ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഏഴു ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത യൂട്യൂബര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ജയശങ്കറാണ് അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ വനിതാ ഡോക്ടറെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ചു. ശേഷം ഡോക്ടറുമൊത്ത് ഫോട്ടോയെടുത്ത യൂട്യൂബര്‍ ഈ ചിത്രങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്തു.

പിന്നീടും ഭീഷണി തുടര്‍ന്നതോടെ ഡോക്ടര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 14 മുതല്‍ ഡിസംബര്‍ 30 വരെ പ്രതി യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ബാങ്ക് മുഖേനയാണ് പ്രതി 7,61,600 രൂപ കൈപ്പറ്റിയിട്ടുള്ളത്. പരാതിക്കാരിയുടെ ബാങ്ക് കാര്‍ഡ് വാങ്ങിയും പ്രതി പണം വലിച്ചതായി പൊലീസ് പറയുന്നു. കൂടാതെ 30 പവനോളം സ്വര്‍ണവും പരാതിക്കാരിയില്‍ നിന്നും തട്ടിയെടുത്തു.