‘വലിഞ്ഞുകേറി വന്നതല്ല’; സി പി എം മുന്നണി മര്യാദ കാണിക്കുന്നില്ല: എം വി ശ്രേയാംസ് കുമാര്‍

Kerala

കോഴിക്കോട്: ഇടതുമുന്നണിയില്‍ തങ്ങള്‍ വലിഞ്ഞുകേറി വന്നതല്ലെന്നും ക്ഷണിച്ചിട്ട് വന്നതാണെന്നും ആര്‍ ജെ ഡി നേതാവ് എം വി ശ്രേയാംസ്‌കുമാര്‍. പാര്‍ട്ടിക്ക് ഇടത് മുന്നണിയില്‍ മാന്യമായ പരിഗണന കിട്ടുന്നില്ല. മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആര്‍ ജെ ഡി. എന്നിട്ടും സി പി എം മുന്നണി മര്യാദ കാട്ടുന്നില്ലെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സി പി എം മാന്യത കാട്ടണമായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച പോലും ഉണ്ടായില്ല. രാജ്യസഭാ അംഗത്വവുമായാണ് 2018 ല്‍ ഞങ്ങള്‍ ഇടത് മുന്നണിയില്‍ എത്തിയത്. 2019ല്‍ ഞങ്ങളുടെ സീറ്റ് സി പി ഐക്ക് നല്‍കി വിട്ടുവീഴ്ച ചെയ്‌തെങ്കിലും പിന്നീട് മുന്നണിയില്‍ നിന്നും യാതൊരു പരിഗണനയും പാര്‍ട്ടിക്ക് കിട്ടുന്നില്ല. 2024 ല്‍ ആ സീറ്റ് തിരികെ നല്‍കാന്‍ സി പി ഐ തയ്യാറാകണമായിരുന്നു.

ജെ ഡി എസ് സാങ്കേതികമായി ദേശീയ തലത്തില്‍ ബി ജെ പിക്കൊപ്പമാണ്. കേരളത്തിലെ ഘടകം ബി ജെ പിക്കൊപ്പമല്ലെങ്കിലും അവരുടെ നേതാവ് കേന്ദ്രസര്‍ക്കാരില്‍ മന്ത്രിയാണെന്നും ശ്രേയാംസ് കുമാര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ആര്‍ ജെ ഡിക്ക് മന്ത്രിപദവി വേണം. തങ്ങളുടെ ആവശ്യം ന്യായമായതിനാല്‍ പരിഗണിക്കണം. എല്‍ ഡി എഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതല്ല. മറ്റ് പരിപാടികള്‍ നേരത്തെ നിശ്ചയിച്ചതുകൊണ്ട് പോകാന്‍ കഴിയാതിരുന്നതാണ്. ജെ ഡി എസിന് നല്‍കുന്ന പരിഗണന പോലും മുന്നണിയില്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ല.

ഒരു തരത്തിലും ബി ജെ പിയുമായി വിട്ടുവീഴ്ച ചെയ്യാത്ത പാര്‍ട്ടിയാണ് ആര്‍ ജെ ഡി. മുന്നണി മാറ്റം നിലവില്‍ അജണ്ടയിലില്ല. ഇനിയങ്ങോട്ട് ഞങ്ങളുടെ ആവശ്യം പരിഗണിക്കണം. യു ഡി എഫില്‍ പരിഗണന കിട്ടിയെന്ന് പറയുന്നില്ല. എല്‍ ഡി എഫില്‍ പരിഗണന ലഭിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്ക് നിന്നാല്‍ പോരേയെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്. യു ഡി എഫിലേക്ക് പോകാനുള്ള രാഷ്ട്രീയ മാറ്റമൊന്നും ആഗ്രഹിക്കുന്നില്ല. തങ്ങള്‍ ഇടത് സ്വഭാവമുള്ള പാര്‍ട്ടിയാണ്. എല്‍ ഡി എഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും എന്നാല്‍ അവഗണന സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.