ഭിന്നശേഷി ജീവനക്കാരുടെ ഏകദിന ഉപവാസം ജൂൺ 19 ന് സെക്രട്ടറിയേറ്റിനു മുന്നിൽ

Thiruvananthapuram

തിരുവനന്തപുരം: കേരളത്തിലെ ഭിന്നശേഷി ജീവനക്കാരുടെ വിവിധ അവകാശ ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിച്ചു കിട്ടുന്നതുമായി ബന്ധപ്പെട്ട്
ഡിഫറന്റ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ)
2024 ജൂൺ 19 ബുധനാഴ്ച രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിനു മുന്നിൽ ഏകദിന ഉപവാസം നടത്തുന്നു.

കഴിഞ്ഞ കുറെകാലമായി സർക്കാർ മുമ്പാകെ ഉന്നയിച്ചു വരുന്ന സൂപ്പർ ന്യൂമററി തസ്തിക ഏകീകരണം, സ്ഥാനക്കയറ്റ സംവരണം, പെൻഷൻ പ്രായം വർധന, പൊതുസ്ഥലമാറ്റവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവേചനപരമായ ഉത്തരവിലെ ഭേദഗതി, പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നും ഒഴിവാക്കൽ, ഡി.എ കുടിശ്ശിക, ലീവ് സറണ്ടർ, പഞ്ചിംഗ് സമ്പ്രദായത്തിൽ ഇളവ്, തുടങ്ങിയ വിഷയങ്ങളിൽ നാളിതുവരെ ക്രീയാത്മകമായ ഇടപെടലുകൾ നടത്താത്തതിന്റെ അടിസ്ഥാനത്തിൽ സർക്കാരിൻ്റെ ശ്രദ്ധ നേടുന്നതിനാണ് സെക്രട്ടറിയേറ്റിനു മുമ്പിൽ ഉപവാസം നടത്തുന്നത്.

സംസ്ഥാന പ്രസിഡൻ്റ് വർഗ്ഗീസ് തെക്കേത്തല , രക്ഷാധികാരി ജോബി.എ.എസ്. എന്നിവരുടെ സാനിധ്യത്തിൽ പ്രതിപക്ഷ ഉപനേതാവ് ഉപവാസ സമരം പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവ്വഹിക്കും.

വിവിധ കക്ഷികളിൽപ്പെട്ട ജനപ്രതിനിധികളും, സർവ്വീസ് സംഘടനാ ട്രേഡ് യൂണിയൻ പ്രതിനിധികളും വിവിധ ഭിന്നശേഷി യൂണിയൻ ഭാരവാഹികളും സാംസ്കാരിക പ്രവർത്തകരും വിവിധ സമയങ്ങളിൽ സമരപന്തലിൽ ഉപവാസത്തിന് പിന്തുണ അറിയിച്ചു കൊണ്ട് സംസാരിക്കും. വൈകിട്ട് നാലു മണിക്ക് സമാപന പരിപാടിയുടെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം.എൽ.എ നിർവ്വഹിക്കും.

തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഡി.എ.ഇ.എ സംസ്ഥാന പ്രസിഡന്റ് ഇൻചാർജ് വർഗ്ഗീസ് തെക്കേത്തല, ജനറൽ സെക്രട്ടറി ബിജു.ടി.കെ, ട്രഷറർ ലതാകുമാരി. ബി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജയകുമാർ.എ, സംസ്ഥാന കമ്മിറ്റി അംഗം ഷീബ ജയകുമാർ, റിട്ടയേർഡ് ഫോറം കൺവീനർ ബെന്നി വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.