പൂവച്ചൽ ഖാദർ അനുസ്മരണം

Thiruvananthapuram

തിരുവനന്തപുരം: മലയാള കവിതയിലും ചലച്ചിത്രഗാനശാഖയിലും കാല്പനികതയുടെ വസന്തം തീർത്ത മലയാളത്തിൻ്റെ അഭിമാനമായ കവി പൂവച്ചൽ ഖാദർ നമ്മെ വിട്ടു പിരിഞ്ഞിട്ട് 2024 ജൂൺ 22-ന് മൂന്ന് വർഷം തികയുന്നു.

കവിയുടെ സ്മരണ നിലനിർത്തുന്നതിന് പൂവച്ചൽ ഗ്രാമ പഞ്ചായത്തും, പൂവച്ചൽ ഖാദർ സാംസ്കാരിക സമിതിയും സംയുക്തമായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നു.

2024 ജൂൺ 22 ശനിയാഴ്ച പൂവച്ചൽ ഫിർദൗസ് ആഡിറ്റോറിയത്തിൽ ‘’ശരറാന്തൽ” എന്ന പേരിൽ അനുസ്മരണ സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. . അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീകുമാരൻ തമ്പി വിശിഷ്ടാതിഥിയായി പങ്കെടുക്കും.

2023 -ലെ സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ച പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീ. പ്രഭാ വർമ്മ, പൂവച്ചൽ ഖാദറിന്റെ ഗുരുനാഥൻ ശ്രീ. വിശ്വേശ്വരൻ നായർ എന്നിവരെ ചടങ്ങിൽ ആദരിക്കും.

കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട, പങ്കജകസ്തൂരി ഗ്രൂപ്പ് എം.ഡി. പത്മശ്രീ. ഡോ. ജെ. ഹരീന്ദ്രൻ നായർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് പൂവച്ചൽ ഖാദർ രചിച്ച ചലച്ചിത്രഗാനങ്ങൾ കോർത്തിണക്കിയ ഗാനാഞ്ജലി ഉണ്ടായിരിക്കും.

പൂവച്ചൽ ഖാദർ രചിച്ച ചലച്ചിത്രഗാനങ്ങളുടെ ആലാപന മത്സരം അന്നേ ദിവസം രാവിലെ 10 മണി മുതൽ നടത്തുന്നതും വിജയികൾക്ക് അനുസ്മരണ ചടങ്ങിൽ വച്ച് സമ്മാനം നൽകുന്നതുമാണ്.
അനുസ്മരണത്തോടനുബന്ധിച്ച്, മലയാളകവിത മേഖലയിൽ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനുമായി ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി തിരുവനന്തപുരം ഗവ. സിറ്റി vhss -ൽ വച്ച് നടത്തിയ മത്സരത്തിൽ വിജയികളായവരുടെ പേരുകൾ ചടങ്ങിൽ പ്രഖ്യാപിക്കുകയും വിജയികൾക്കുളള അവാർഡ് സാംസ്കാരിക വകുപ്പ് മന്ത്രി സമ്മാനിക്കുന്നതുമാണ്.