തിരുവനന്തപുരം: പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് സോഫ്റ്റ് വെയര്‍ ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്’ ബഹുമതി കരസ്ഥമാക്കി. ജീവനക്കാരുടെ പ്രതികരണവും കമ്പനിയുടെ തൊഴിലാളി സൗഹൃദ പ്രവര്‍ത്തനവും വിലയിരുത്തി അന്താരാഷ്ട്ര തലത്തില്‍ നല്‍കുന്ന സാക്ഷ്യപത്രമാണിത്.
ഏവിയേഷന്‍, ക്രൂസ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലകളില്‍ മികച്ച സോഫ്റ്റ് വെയര്‍ സേവനം നടത്തുന്ന മുന്‍നിര ഐടി കമ്പനിയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐബിഎസ്.
കമ്പനിയ്ക്ക് അഭിമാനകരമായ മുഹൂര്‍ത്തമാണിതെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ് പറഞ്ഞു. ഇത്രയും മികച്ച ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ ആഹ്ലാദവാനാണ്. മികവില്‍ പുതിയ തലങ്ങള്‍ തേടാനുള്ള യാത്ര തുടരുന്നതിനോടൊപ്പം വൈവിദ്ധ്യം, സമത്വം, മികവിന് അംഗീകാരം, എന്നീ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുമെന്നും വി കെ മാത്യൂസ് പറഞ്ഞു.
കൊവിഡാനന്തര കാലത്ത് ജീവനക്കാര്‍ക്ക് അഭിമാനിക്കാവുന്ന തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഒരേ ലക്ഷ്യത്തിലേക്കുള്ള പ്രതിബദ്ധതയോടുള്ള യാത്രയ്ക്കും ഈ അംഗീകാരം ശക്തിപകരുമെന്ന് ഐബിഎസ് സിഇഒ ആനന്ദ് കൃഷ്ണന്‍ പറഞ്ഞു. മികച്ച തൊഴിലാളി പരിഗണന, സുസ്ഥിര സാമ്പത്തിക ശീലങ്ങള്‍, സമത്വം, വൈവിദ്ധ്യം, നിരന്തരമായ വിജ്ഞാന സമ്പാദനം എന്നിവയ്ക്കുള്ള അംഗീകാരം കൂടിയാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ബഹുമതിയെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ ഓരോ ജീവനക്കാര്‍ക്കും ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ബഹുമതി നാഴികക്കല്ലാണെന്ന് ഐബിഎസിന്റെ ഗ്ലോബല്‍ എച് ആര്‍ ഹെഡ് ജയന്‍ നായര്‍ പറഞ്ഞു. ജീവനക്കാരെ എല്ലാ ഘട്ടത്തിലും പിന്തുണയ്ക്കുകയും അവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും കാല്‍ നൂറ്റാണ്ടത്തെ പ്രവര്‍ത്തനത്തില്‍ ഐബിഎസ് ഉറപ്പു വരുത്തിയിട്ടുണ്ട്. എല്ലാ ജിവനക്കാര്‍ക്കും തുല്യമായ അവസരം ഉറപ്പു വരുത്തുന്നതിന് ഐബിഎസ് പ്രതിബദ്ധമാണ്. ഐടി മേഖലയില്‍ തൊഴില്‍തേടുന്നവര്‍ക്കിടയില്‍ ഏറ്റവും ഡിമാന്‍ഡുള്ള കമ്പനികളിലൊന്നായി ഐബിഎസിനെ മാറ്റാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1992 ല്‍ ആരംഭിച്ച ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ തൊഴിലിടങ്ങളുടെ നിലവാരത്തിലെ ആഗോള മാനദണ്ഡമാണ്. സുവ്യക്തമായ തൊഴിലാളി പ്രതികരണം, തത്സമയ വിവരശേഖരണം എന്നിവയെല്ലാം കൊണ്ട് ആഗോളതലത്തില്‍ ഏറെ വിശ്വാസ്യതയുള്ള പ്രസ്ഥാനമാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്. ഇന്ത്യയില്‍ 22 വ്യവസായ വിഭാഗങ്ങളില്‍ നിന്നായി 1400 സംരംഭങ്ങളെ ഇവര്‍ വിലയിരുത്താറുണ്ട്.