അഷറഫ് ചേരാപുരം
ദുബൈ: ദുബൈ വീണ്ടും വിസ്മയം തീര്‍ക്കുന്നു. ലോകത്തെ ആദ്യ ത്രീഡി പ്രിന്റിങ് മസ്ജിദ് ഇവിടെ യാഥാര്‍ഥ്യമാവുകയാണ്. ദുബൈയിലെ ബര്‍ദുബൈയിലാണ് 2025ല്‍ ത്രീഡി മസ്ജിദ് പൂര്‍ത്തിയാവുക. ദുബൈ മതകാര്യ വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ലോകത്തെ ആദ്യ മസ്ജിദായിരിക്കും ഇത്. കൂറ്റന്‍ പ്രിന്റര്‍ ഉപയോഗിച്ച് ത്രിമാന വസ്തുക്കള്‍ പ്രിന്റ് ചെയ്‌തെടുക്കുന്ന മാതൃകയില്‍ കെട്ടിടം നിര്‍മിക്കുന്ന സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. 2000 ചതുരശ്ര അടി വിസ്തൃതിയില്‍ വനിതകള്‍ ഉള്‍പ്പെടെ 600 പേര്‍ക്ക് ഒരേ സമയം മസ്ജിദില്‍ പ്രാര്‍ഥന നിര്‍വഹിക്കാന്‍ സൗകര്യമുണ്ടാകുമെന്ന് എഞ്ചനീയറിങ് വിഭാഗം മേധാവി അലി അല്‍ ഹല്‍യാന്‍ അല്‍ സുവൈദി പറഞ്ഞു.അസംസ്‌കൃത വസ്തുക്കളുടെയും വ്യാവസായിക വസ്തുക്കളെടെയും ഘടകങ്ങളെ കൂട്ടിയോജിപ്പിച്ച് കെട്ടിടത്തിന്റെ പൊതുവായ ഘടനയോ അതിലെ ഏതെങ്കിലും ഘടകങ്ങളോ രൂപപ്പെടുത്തുന്ന ഡിജിറ്റല്‍ നിയന്ത്രിത നിര്‍മാണപ്രക്രിയയാണ് ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യയെന്ന് സുവൈദി കൂട്ടിച്ചേര്‍ത്തു.
ത്രീഡി പ്രിന്റഡ് മസ്ജിദിനായി കണ്ടെത്തിയ ബര്‍ദുബൈയിലെ കൃത്യമായ സ്ഥലം പിന്നീട് പ്രഖ്യാപിക്കും. ഈ വര്‍ഷം പള്ളിയുടെ നിര്‍മാണം ആരംഭിക്കുമെന്നും 2025 ല്‍ പൂര്‍ത്തിയാക്കി മസ്ജിദ് വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കുമെന്നും മതകാര്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. സാധാരണ കെട്ടിട നിര്‍മാണത്തെ അപേക്ഷിച്ച് 30 ശതമാനം നിര്‍മാണ ചെലവ് കുറവാണിതിന്. മതകാര്യ വകുപ്പ് ഡയരക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ ശൈഖ് അഹമ്മദ് അല്‍ ശൈബാനി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അലി ബിന്‍ സായിദ് അല്‍ ഫലാസി, ബൂത്തി അബ്ദുല്ല ജുമൈരി തുടങ്ങിയവരും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.