രാഷ്ട്രീയ ജനതാദളിന് അർഹതയ്ക്കുള്ള പരിഗണന നൽകണം: അനു ചാക്കോ

Thiruvananthapuram

തിരുവനന്തപുരം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ മൂന്നാമത്തെ രാഷ്ട്രീയ പാർട്ടിയായ രാഷ്ട്രീയ ജനതാദളിന് മന്ത്രിസഭയിൽ പ്രാധാന്യവും, രാജ്യസഭാ സീറ്റും നൽകി അർഹതയ്ക്കുള്ള പ്രാതിനിധ്യം മുന്നണി നേതൃത്വം സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും, കേന്ദ്ര പാർലമെന്ററി ബോർഡ് മെമ്പറുമായ അനു ചാക്കോ ആവശ്യപ്പെട്ടു.

പാർട്ടി എൽഡിഎഫിൽ നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന നേതൃത്വം കടുത്ത തീരുമാനങ്ങൾ എടുക്കുവാൻ ശ്രമിച്ചപ്പോൾ സിപിഐഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദനും, എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുമായി എകെജി സെന്‍ററില്‍ രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ് കുമാറും, സെക്രട്ടറി ജനറൽ വർഗീസ് ജോർജും, നടത്തിയ ഉഭയകക്ഷി ചർച്ച പ്രകാരം രാഷ്ട്രീയ ജനതാദളിന് വേണ്ട പ്രാതിനിധ്യം നൽകുമെന്ന ഉറപ്പ് പാലിക്കണമെന്നും അനു ചാക്കോ ആവശ്യപ്പെട്ടു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ മറ്റ് ഘടക കക്ഷികൾക്ക് കൊടുത്ത പരിഗണന രാഷ്ട്രീയ ജനതാദളിന് അവകാശപ്പെട്ടതാണ്. ബീഹാറിൽ രാഷ്ട്രീയ ജനതാദൾ നേതൃത്വത്തിലുള്ള മുന്നണിയിൽ സി പി ഐ (എം എൽ), സി പി എമ്മിനും, സിപിഐക്കും ലോക്സഭ തെരഞ്ഞെടുപ്പിൽ മതിയായ പ്രാതിനിത്യം നൽകിയത് അനു ചാക്കോ ചൂണ്ടിക്കാട്ടി.

ഇടതുമുന്നണിയിൽ നേരിടുന്ന അവഗണനയിൽ പാർട്ടി പ്രവർത്തകർ അസ്വസ്ഥരാണെന്നും രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ എടുത്തുപറഞ്ഞു