വീട്ടില്‍ അതിക്രമിച്ചുകയറി ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

Malappuram

മലപ്പുറം: രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. വളാഞ്ചേരിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. മൂന്നംഗസംഘമാണ് വീട്ടില്‍ അതിക്രമിച്ചെത്തി യുവതിയെ ബലാത്സംഗംചെയ്തത്. ആക്രമണം ചെറുക്കുന്നതിനിടെ പരിക്കേറ്റ യുവതി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതിയുടെ പരാതിയില്‍ വളാഞ്ചേരി പൊലീസ് കേസെടുത്തു. ഈ മാസം 16 നാണു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി മൂന്നുപേര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതി. മാനസിക സമ്മര്‍ദത്തില്‍ ആയിരുന്ന യുവതി സുഹൃത്തിനോടാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കി. വളാഞ്ചേരി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചു.

അതിക്രമം നടത്തിയവരെ കണ്ടാല്‍ അറിയുമെന്നും യുവതി മൊഴി നല്‍കി. തിരൂര്‍ ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രതികളെ കുറിച്ച് കൃത്യമായ വിവരം യുവതി പൊലീസിന് നല്‍കിയെന്നാണ് സൂചന. രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് ലഭിക്കുന്ന വിവരം.