കളിക്കുന്നതിനിടെ ടി വിയും സ്റ്റാന്‍റും ദേഹത്തേക്ക് വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു

Eranakulam

കൊച്ചി: കളിക്കുന്നതിനിടെ ടി വിയും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന്‍ മരിച്ചു. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷന്‍ പൂവത്തും ചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുള്‍ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

അപകടത്തില്‍ കുട്ടിയുടെ തലയ്ക്കും കഴുത്തിനുമുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നസിയയാണ് മരിച്ച അബ്ദുള്‍ സമദിന്റെ മാതാവ്. മൂന്ന് സഹോദരങ്ങളുണ്ട്.