ഉള്ളു പൊള്ളുന്ന ചര്‍ച്ചകള്‍ക്ക് വേദിയായി ആദിവാസി ജീവിതം സംബന്ധിച്ച പരിഷത്ത് സെമിനാര്‍

Wayanad

മാനന്തവാടി: ആദിവാസി ജീവിതവും വികസന നയ പരിപാടികളും എന്ന വിഷയത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ മാനന്തവാടി ക്യാമ്പസില്‍ സംഘടിപ്പിച്ച പരിഷത്ത് സെമിനാറില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടന്നു. കേരളത്തിന്റെ സമഗ്രമായ പരിവര്‍ത്തനം ലക്ഷ്യമിട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന തല സെമിനാര്‍ ആയിരുന്നു കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാമ്പസില്‍ വെച്ച് നടന്നത്. സെമിനാര്‍ മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി രമേശ് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ സഹകരണ ക്ഷേമ നിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി കെ ശശീന്ദ്രന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക ഗ്രാമ ഞ്ചായത്ത് മെമ്പര്‍ വി വിജോള്‍ എന്നിവര്‍ സംസാരിച്ചു. പരിഷത്ത് നടത്തുന്ന നവകേരള ക്യാമ്പയിന്‍ പരിപാടി ജനറല്‍ സെക്രട്ടറി ജോജി കൂട്ടുമ്മല്‍ വിശദീകരിച്ചു. വി പി ബാലചന്ദ്രന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ബിജോപോള്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ഒന്നാമത്തെ സെഷനില്‍ ഭൂമി, അതിജീവനം, പാര്‍പ്പിടം എന്ന വിഷയത്തില്‍ ബാംഗ്ലൂരിലെ നിയാസിലെ ഡോ. നിസാര്‍ കണ്ണങ്കരയും ഗോത്ര വിഭാഗത്തിന്റെ ജനാധിപത്യാവകാശങ്ങള്‍ വനവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജിലെ ഡോ. അമിതാബ് ബച്ചനും പേപ്പറുകള്‍ അവതരിപ്പിച്ചു. ട്രൈബല്‍ സോഷ്യോളജി സെന്റര്‍ മേധാവി ഡോ ഹരീന്ദ്രന്‍ മോഡറേറ്റര്‍ ആയി.

രണ്ടാമത്തെ സെഷനില്‍ വികേന്ദ്രീകൃത ഭരണവും പ്രതിനിധ്യവും എന്ന വിഷയം കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ കോഒഡിനേറ്റര്‍ ഡോ. സുര്‍ജിതും, കാലാവസ്ഥാ വ്യതിയാനം പ്രകൃതി ദുരന്തങ്ങള്‍ ആദിവാസി ജീവിതം എന്ന വിഷയം നിലമ്പൂര്‍ തൊടുവൈ കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ സി ഇ ഒ ശ്യാംജിത്തും അവതരിപ്പിച്ചു.

ഉച്ചകഴിഞ്ഞ് ആദിവാസി ജനതയുടെ ഭക്ഷണവും പൊതു ആരോഗ്യ അവസ്ഥയും എന്ന സെഷനില്‍ മൂന്ന് അവതരണങ്ങള്‍ നടന്നു. വയനാട് മെഡിക്കല്‍ കോളേജ് കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ഡോ. പി ചന്ദ്രശേഖരന്‍, ഡോ സുമ ടി ആര്‍ (ഹ്യും സെന്റര്‍ ഫോര്‍ ഇക്കോളജി ), വിപിന്‍ദാസ് ഗവേഷകന്‍ (സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ) എന്നിവര്‍ ആയിരുന്നു അവതാരകര്‍. ജില്ലാ പ്രസിഡന്റ് കെ വിശാലാക്ഷി മോഡറേറ്റര്‍ ആയി.

നാലാമത്തെ സെഷനില്‍ സംസ്‌കാരവും സാമൂഹ്യ രാഷ്ട്രീയ പിന്നോക്കാവസ്ഥയും എന്ന വിഷയത്തില്‍
യൂണിസെഫ് കണ്‍സള്‍ട്ടന്റ് ഡോ. നിധീഷ് കുമാര്‍, പ്രൊഫ മുഹമ്മദ് നിയാസ് കണ്ണൂര്‍ സര്‍വ കലാശാല എന്നിവര്‍ അവതരണങ്ങള്‍ നടത്തി. ഡോ എസ് ഗ്രിഗറി (റിട്ടയേര്‍ഡ് ഡീന്‍), കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മോഡറേറ്റര്‍ ആയി. സമാപന സമ്മേളനത്തില്‍ പരിഷത്ത് നിര്‍വാഹക സമിതി അംഗം പി കെ ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. നിര്‍വാഹക സമിതി അംഗം എന്‍ ശാന്തകുമാരി ക്രോഡീകരണം നിര്‍വഹിച്ചു. പ്രൊഫ കെ ബാലഗോപാലന്‍ സ്വാഗതവും മേഖലാ സെക്രട്ടറി സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *