കെജ്‌രിവാളിന് ജാമ്യമില്ല, ജയിലില്‍ തുടരും

India

ന്യൂദല്‍ഹി: മദ്യ അഴിമതി കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. കേസില്‍ ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഇഡിയുടെ അപേക്ഷ പരിഗണിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹോക്കോടതി ചൂണ്ടിക്കാട്ടി.

ജൂണ്‍ 20ലെ വിചാരണക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിന്റെ അവധിക്കാല ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അന്വേഷണ ഏജന്‍സിയുടെ വാദം വിചാരണ കോടതി ശരിയായി കേട്ടില്ലെന്ന ഇഡിയുടെ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ മാര്‍ച്ച് 21നാണ് എഎപിയുടെ ദേശീയ കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മെയില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ജൂണ്‍ രണ്ടിന് അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും ജയിലിലേക്ക് മടങ്ങി.