കോഴിക്കോട്: തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും മലയത്ത് ദീപു ബ്ലൂ മെറ്റൽസ് ഉടയുമായ ദീപു [46 വയസ്സ് ] ഇന്നലെ അർദ്ധരാത്രിക്കുശേഷം കാറിൽ യാത്ര ചെയ്യവെ കളിയാക്കാവിള തമിഴ്നാട് അതിർത്തിയിൽ വെച്ച് കഴുത്തറത്ത് നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടതില്‍ ക്വാറി, ക്രഷർ കോ-ഓഡിനേഷൻ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സംഭവത്തിലെ കുറ്റവാളികളെ ഉടൻ പിടികൂടാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ക്വാറി, ക്രഷർ കോ-ഓഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി
എം. കെ. ബാബു, ചെയർമാൻ സുലൈമാൻ പാലക്കാട് എന്നിവർ ആവശ്യപ്പെട്ടു.
46 വയസ്സ് മാത്രം പ്രായമായ ദീപുവിൻ്റെ കൊലപാതകത്തിലൂടെ ഭാര്യയും രണ്ട് കുട്ടികളുമാണ് അനാഥമാക്കപ്പെട്ടത്. സ്ഥാപനം പുനരാരംഭിക്കാനുള്ള യാത്രയിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. നിയമാനുസൃതം നടത്തപ്പെടുന്ന സ്ഥാപനങ്ങൾക്കും ക്വാറി, ക്രഷർ വ്യവസായികൾക്കും എതിരായി നിരന്തരമായി നടക്കുന്ന കയ്യേറ്റങ്ങൾക്കും അക്രമങ്ങൾക്കും എതിരെ പോലീസ് കർശനമായ നടപടി സ്വീകരിക്കണമെന്നും കോ-ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.