ലൈബ്രറിക്കെന്ന പേരില്‍ എം പി ഫണ്ട് വാങ്ങി വകമാറ്റി, തൊടുപുഴ പ്രസ് ക്ലബ്ബില്‍ കലക്ടറുടെ റെയ്ഡ്

Idukki

ഇടുക്കി: ലൈബ്രറിക്കെന്ന പേരില്‍ എം പി ഫണ്ട് വാങ്ങിയ ശേഷം വകമാറ്റിയ തൊടുപുഴ പ്രസ് ക്ലബ് ഭാരവാഹികളെ എടുത്ത് കുടഞ്ഞ് ഇടുക്കി കലക്ടര്‍ ഷീബ ജോര്‍ജ്. എം പി ഫണ്ടില്‍ നിന്നും പ്രസ് ക്ലബ്ബിലെ ലൈബ്രറിക്ക് എന്ന പേരില്‍ 8 ലക്ഷം രൂപ വാങ്ങി ഭാരവാഹികള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഉയര്‍ന്ന പരാതിയെത്തുടര്‍ന്നാണ് ഫണ്ട് ചിലവഴിച്ചതും തട്ടിപ്പും അന്വേഷിക്കാന്‍ കലക്ടര്‍ ഷീബ ജോര്‍ജ് നേരിട്ട് പ്രസ്‌ക്‌ളബില്‍ പരിശോധനക്ക് എത്തിയത്. എം പി ഫണ്ട് ഉപയോഗിച്ച് പണിത ലൈബ്രറി എവിടെയാണെന്നും പുസ്തകങ്ങള്‍ എവിടെയെന്നുമുള്ള കലക്ടറുടെ ചോദ്യത്തിന് മുന്നില്‍ തൊടുപുഴയിലെ മാധ്യമ പ്രവര്‍ത്തകര്‍ പകച്ചു.

ഒരു പ്രസ് ക്ലബ്ബില്‍ ജില്ലാ കലക്ടര്‍ നേരിട്ടെത്തി ഇത്തരത്തില്‍ പരിശോധന് നടത്തുന്നത് ഇതാദ്യമാണ്. പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ലൈബ്രറി നിര്‍മിക്കാന്‍ എന്ന പേരിലാണ് തൊടുപുഴ പ്രസ് ക്ലബ് ഭാരവാഹികള്‍ എം പി ഫണ്ടില്‍ നിന്ന് എട്ടു ലക്ഷം രൂപ കൈക്കലാക്കിയത്. എന്നാല്‍ ഫണ്ടു വിനിയോഗിച്ചത് പ്രസ് ക്ലബ് ഓഫിസും പത്ര സമ്മേളനം നടത്താനുള്ള ഹാളും നിര്‍മിക്കാനായിരുന്നു. പേരിനൊരു കുടുസു മുറി റീഡിങ് റൂമായി മാറ്റുകയാണ് ചെയ്തത്.

പ്രസ് ക്ലബ്ബില്‍ എം പി ഫണ്ടില്‍ നിന്നും ലൈബ്രറിക്കുള്ള പണം വാങ്ങിയിട്ടും ലൈബ്രറിയി പ്രവര്‍ത്തിക്കുന്നില്ലെന്ന് എം പി ലാഡ്‌സ് മന്ത്രാലയത്തിനു പരാതി ലഭിച്ചു. മാത്രമല്ല പ്രസ് ക്ലബിനു രജിസ്‌ട്രേഷന്‍ ഇല്ലെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ജില്ലാ ഘടകമാണെന്നും പരാതിയിലുണ്ട്. അതുകൊണ്ട് തന്നെ പ്രസ് ക്ലബ് ഫലത്തില്‍ ഒരു ട്രേഡ് യൂണിയന്റെ ജില്ലാ ഘടകം മാത്രമാണ്. ട്രേഡ് യൂണിയനുകള്‍ക്ക് എം പി ഫണ്ടു കൈപ്പറ്റാന്‍ അര്‍ഹതയുമില്ല. ഇതേ കാരണത്താലാണ് എം പി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വയനാട് പ്രസ് ക്ലബ് ജപ്തി ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.

തൊടുപുഴ പ്രസ് ക്ലബ് ലൈബ്രറിയുടെ നിജസ്ഥിതി പരിശോധിക്കാനുള്ള എം പി ലാഡ്‌സ് മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇടുക്കി കലക്ടര്‍ തൊടുപുഴ പ്രസ് ക്ലബില്‍ മിന്നല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രസ് ക്ലബ് റെയ്ഡിനിടയിലും ലൈബ്രറിയാണെന്ന അവകാശവാദമാണ് ക്ലബ് ഭാരവാഹികള്‍ ഉന്നയിച്ചത്. പുസ്തകങ്ങള്‍ നാട്ടുകാര്‍ കൊണ്ടു പോയതിനാലാണ് കാണാത്തതെന്ന ന്യായവും പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ പൊട്ടന്‍ കളിയില്‍ കലികയറിയ കലക്ടര്‍ ലൈബ്രറി മാനുവല്‍, സ്‌റ്റോക്ക് റജിസ്റ്റര്‍, ബുക്ക് ഇഷ്യു റജിസ്റ്റര്‍, സബ്‌സ്‌ക്രിപ്ഷന്‍ റജിസ്റ്റര്‍, ലെഡ്ജര്‍, വൗച്ചര്‍ തുടങ്ങിയവ കാണിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഭാരവാഹികള്‍ കുടുങ്ങി. പിന്നീട് ലൈബ്രറി വെറും സങ്കല്‍പമാണെന്നും പ്രസ് ക്ലബിന്റെ സൗകര്യങ്ങളേ ഉള്ളുവെന്നും പറഞ്ഞു കലക്ടറുടെ കാലു പിടിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമായതിനാല്‍ ഇളവുകള്‍ അസാധ്യമാണെന്ന് തീര്‍ത്തു പറഞ്ഞാണ് കലക്ടര്‍ സ്ഥലം വിട്ടത്. എം പി ലാഡ്‌സ് മാനദണ്ഡങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന പദ്ധതി നിര്‍വഹണ വകുപ്പിനും കേന്ദ്ര എം പി ലാഡ്‌സ് മന്ത്രാലയത്തിനും സമര്‍പ്പിച്ചു. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുക പലിശ സഹിതം തിരിച്ചു പിടിക്കാനുള്ള ഉത്തരവ് വൈകാതെയുണ്ടാകുമെന്നാണ് അറിയുന്നത്.