മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ബി എസ് യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസില്‍ കുറ്റപത്രം

India

ബംഗളൂരു: പോക്‌സോ കേസില്‍ യെദിയൂരപ്പയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ബി എസ് യെദിയൂരപ്പയ്‌ക്കെതിരെ കര്‍ണാടക ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സി ഐ ഡി) കുറ്റപത്രം സമര്‍പ്പിച്ചു. സംസ്ഥാനത്തെ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് സി ഐ ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഫെബ്രുവരിയില്‍ യെദിയൂരപ്പയുടെ വസതിയില്‍ വച്ച് 17 വയസ്സുള്ള തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ ആരോപിച്ചതിനെ തുടര്‍ന്നാണ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തത്. 54കാരിയായ പരാതിക്കാരി ശ്വാസകോശ അര്‍ബുദം ബാധിച്ച് മരിച്ചിരുന്നു. തുടര്‍ന്ന് യെദിയൂരപ്പയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവരുടെ മകന്‍ കോടതിയെ സമീപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസമായിട്ടും അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. അതേസമയം തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച യെദിയൂരപ്പ കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപിച്ചിരുന്നു.

ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ യെദിയൂരപ്പ കോടതിയെ സമീപിച്ചു. തുടര്‍ന്ന് യെദിയൂരപ്പയെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് സി ഐ ഡിയെ കോടതി വിലക്കി. ‘ഞാന്‍ ആരോടും പരാതി പറയുന്നില്ല. കാലം എല്ലാം തീരുമാനിക്കും. സത്യം എന്താണെന്ന് ജനങ്ങള്‍ക്കറിയാം. തട്ടിപ്പ് നടത്തുന്നവരെ ജനങ്ങള്‍ പാഠം പഠിപ്പിക്കും’, എന്നായിരുന്നു യെദിയൂരപ്പ പറഞ്ഞത്.