ലഹരിവിമുക്ത വിദ്യാലയം, മോക് പാർലമെന്‍റ് സംഘടിപ്പിച്ച് സുൽത്താൻ ബത്തേരി അസംപ്ഷൻ എ യു പി സ്കൂൾ

Wayanad

സുല്‍ത്താന്‍ ബത്തേരി: സമ്പൂർണ ലഹരിവിമുക്ത വിദ്യാലയങ്ങൾ എന്ന സംസ്ഥാന സർക്കാരിന്റെ ആശയത്തിന് പൂർണ്ണ പിന്തുണയുമായി സുൽത്താൻ ബത്തേരി അസംപ്ഷൻ എ. യു. പി സ്കൂൾ. വിവിധ ലഹരിവിരുദ്ധ ബോധവൽക്കരണങ്ങളോടൊപ്പം കുട്ടികൾ അവതരിപ്പിച്ച മോക് പാർലമെന്റ് ഏറെ ശ്രദ്ധേയമായി.

വിദ്യാർത്ഥികളിൽ നിന്ന് തന്നെ മുഖ്യമന്ത്രി, സ്പീക്കർ, മറ്റ് വകുപ്പ് തല മന്ത്രിമാർ, എംഎൽഎമാർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സംഘത്തെ തിരഞ്ഞെടുക്കുകയും സംസ്ഥാന സർക്കാരിന്റെ കീഴിൽ വിവിധ വകുപ്പുകൾ ലഹരിക്കെതിരെ എന്തൊക്കെ പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്ന വിഷയത്തെ സംബന്ധിച്ചുള്ള ചോദ്യോത്തരവേളയാണ് നടത്തുകയും ചെയ്തു. കുട്ടി എം എൽ എമാരുടെ ചോദ്യങ്ങൾക്ക് മന്ത്രിമാർ ഉത്തരങ്ങൾ നൽകി.

അഞ്ചാം തരത്തിൽ പഠിക്കുന്ന ഫൈഹ മുഖ്യമന്ത്രിയും ആറാംതരത്തിലെ ഹയാൻ ഫസൽ പ്രതിപക്ഷ നേതാവും ഏഴാം തരത്തിലെ മുബഷിറ സ്പീക്കറും ആയി. ഏഴാം തരത്തിലെ വിദ്യാർഥികൾ മന്ത്രിമാർ ആവുകയും എം എൽ എമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ നൽകുകയും ചെയ്തു. അപ്രസക്തമായ ചോദ്യങ്ങൾക്ക് സ്‌പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ നടന്ന പ്രതിപക്ഷ എം എൽ എ മാരുടെ പ്രതിഷേധം കൗതുകമായി.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും വിവിധ സംഘടനകളെ കുറിച്ചും അറിയുന്നതിനും ലഹരി വിരുദ്ധ നിയമങ്ങളെക്കുറിച്ച് അറിയുന്നതിനും കുട്ടികൾക്ക് ഈ പ്രവർത്തനം വളരെ പ്രയോജനപ്പെട്ടു. ഹെഡ് മാസ്റ്റർ സ്റ്റാൻലി ജേക്കബിന്റെ നേതൃത്വത്തിൽ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെയായിരുന്നു വിദ്യാർത്ഥി പാർലമെന്റ് സംഘടിപ്പിച്ചത്