കോഴിക്കോട്: ഒരു നൂറ്റാണ്ട് കാലം സ്ത്രീ വിദ്യാഭ്യാസത്തെ ശക്തമായി എതിർത്ത സമസ്ത സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്ന് കോഴിക്കോട്ട് ചേർന്ന കെ എൻ എം സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. വിദ്യാഭ്യാസം നേടുന്ന കാര്യത്തിൽ ആൺ, പെൺ വ്യത്യാസം കാണിക്കാൻ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. സ്ത്രീ യാലും പുരുഷനായാലും ഏത് രംഗത്തും ഇസ്‌ലാമിക മര്യാദകളും സംസ്കാരവും പാലിക്കണം.
സ്ത്രീ വിദ്യാഭ്യാസത്തിന് സമസ്‌ത തടസ്സം നിന്നിട്ടില്ലെന്ന സമസ്‌ത പ്രസിഡന്റിന്റെ പ്രസ്താവന സത്യവിരുദ്ധമാണ്. സ്ത്രീകൾ കയ്യെഴുത്ത് പഠിക്കൽ നിഷിദ്ധമാണെന്ന 1930 ലെ മണ്ണാർക്കാട് സമസ്‌ത സമ്മേളനം പ്രമേയം ഇപ്പോഴും സമസ്ത അംഗീകരിക്കുന്നുണ്ടോയെന്നു വ്യക്തമാക്കണം. ഇല്ലെങ്കിൽ അബദ്ധം സമൂഹത്തോട് പറയാൻ തയ്യറാവണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.
കേരളത്തിൽ മുസ്‌ലിം ഐക്യ സംഘവും അതിൽ നിന്നും രൂപപ്പെട്ട പ്രസ്ഥാനങ്ങളുമാണ് മുസ്‌ലിം സമൂഹത്തിൽ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയത് എന്ന സത്യം വിസ്മരിക്കരുത്.ഒരു നൂറ്റാണ്ട് കാലം മുജാഹിദ് പ്രസ്ഥാനത്തെ അവഹേളിക്കാൻ സമയം കളഞ്ഞവർ പുനർവിചിന്തനം നടത്തണമെന്നും കെ എൻ എം ആവശ്യപ്പെട്ടു. കേരളത്തിലെ എല്ലാ മുസ്‌ലിം പള്ളികളിലും സ്ത്രീകൾക്ക് സംഘ നമസ്ക്കാരവും വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർത്ഥനയും നിർവ്വഹിക്കാൻ അവസരം നല്കണം. സ്ത്രീകളെ പള്ളികളിലെ ആരാധനകളിൽ നിന്നും തടയുന്നത് കൂടി സമസ്ത അവസാനിപ്പിക്കണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.
നവോഥാന ചിന്തകൾ സമൂഹത്തിൽ കൂടുതൽ പ്രചരിപ്പിക്കാൻ “മുന്നേറ്റം” എന്ന പേരിൽ ജൂലൈ മാസത്തിൽ ജില്ലാ തലങ്ങളിൽ കൺവൻഷൻ സംഘടിപ്പിക്കും, ജൂലൈ 7 നു കലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫെഷണൽ കുടുംബ സംഗമം നടക്കും. ജൂലൈ 27 നു ശനിയാഴ്ച പുളിക്കൽ ജാമിഅ സലഫിയ്യയിൽ വെച്ച് ഗൾഫ് ഇസ്‌ലാഹി സംഗമം നടക്കും
ജൂലൈ 28 നു കൊണ്ടോട്ടിയിൽ വെച്ച് വിദ്യാർത്ഥി ഘടകമായ എം എസ് എമ്മിന്റെ നേതൃത്വത്തിൽ ആർട്‌സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥി സമ്മേളനം നടക്കും.
കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. പി പി ഉണ്ണീൻ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. നൂർ മുഹമ്മദ് നൂർഷ, ഡോ.ഹുസൈൻ മടവൂർ,
പ്രൊഫ എൻ വി അബ്ദു റഹ്‌മാൻ, അബ്ദുറഹ്മാൻ മദനി പാലത്ത് എ അസ്ഗർ അലി, ഹനീഫ് കായക്കൊടി, എം ടി അബ്ദുസമദ് സുല്ലമി, എം സ്വലാഹുദ്ദീൻ മദനി, ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,ഡോ.സുൾഫിക്കർ അലി, ഡോ.കെ എ അബ്ദുൽ ഹസീബ് മദനി എന്നിവർ പ്രസംഗിച്ചു