കോഴിക്കോട് : മുസ്‌ലിം സമുദായത്തിന്റെ സാമൂഹ്യവും സാംസ്‌കാരികവുമായ നവോത്ഥാനത്തിന് പള്ളി മിമ്പറുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ മഹല്ല് നേതൃത്വങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവക്കു കീഴിലുള്ള ഖത്തീബ് കൗണ്‍സില്‍ കേരള സംഘടിപ്പിച്ച ശില്‍പശാല അഭിപ്രായപ്പെട്ടു.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സാമൂഹ്യ തിന്മകള്‍ക്കുമെതിരില്‍ വിശ്വാസികളെ ബോധവത്കരിക്കാന്‍ വെള്ളിയാഴ്ച ഖുതുബകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. വിശ്വാസികള്‍ക്ക് അവരുടെ ഭാഷയില്‍ ധാര്‍മികവിജ്ഞാനം പകര്‍ന്നു നല്‍കാന്‍ വെള്ളിയാഴ്ച ഖുതുബകള്‍ കൊണ്ട് സാധ്യമാവണം. കാലിക വിഷയങ്ങളില്‍ വിശ്വാസികളെ പ്രബുദ്ധമാക്കാനുള്ള സുവര്‍ണാവസരമാണ് ഓരോ വെള്ളിയാഴ്ചയും ലഭ്യമാകുന്ന തെന്നിരിക്കെ ഖുതുബ കേവല പാരായണമാവാതിരിക്കാന്‍ പണ്ഡിതന്മാരും മഹല്ല് നേതൃത്വങ്ങളും തയ്യാറാവണമെന്ന് ശില്‍പശാല അഭിപ്രായപ്പെട്ടു.
കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കുഞ്ഞിക്കോയ ഒളവണ്ണ അധ്യക്ഷത വഹിച്ചു.
കെ എം കുഞ്ഞമ്മദ് മദനി, അബ്ദുസ്സലാം പുത്തൂര്‍, ഇര്‍ഷാദ് മാത്തോട്ടം, എം കെ പോക്കര്‍ സുല്ലമി, അഫ്താഷ് ചാലിയം, ഡോ. മുസ്തഫ കൊച്ചിന്‍, അസൈന്‍ സ്വലാഹി, ഡോ. അബൂബക്കര്‍ ഫാറൂഖി, സുല്‍ഫീക്കറലി സുല്ലമി പ്രസംഗിച്ചു.