കലാനിധി ചങ്ങമ്പുഴ – സുകുമാർ സ്മൃതി കലാനിധി ഫെസ്റ്റ് ജൂലായ് 7 ന് തിരുവനന്തപുരത്ത്

Thiruvananthapuram

തിരുവനന്തപുരം: കലാനിധി നൃത്ത സംഗീതസഭയുടെ സാംസ്കാരികോൽത്സവം “കലാനിധി ഫെസ്റ്റ്” ജൂലായ് 7 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് പടിഞ്ഞാറെനട
എൻ.എസ്.എസ്. ആഡിറ്റോറിയത്തിൽ നടക്കും.

പുരസ്കാര സമർപ്പണവും നടക്കും. ചങ്ങമ്പുഴ കൃഷ്ണപിള്ള സ്മൃതി സുവർണ്ണമുദ്ര പുരസ്കാരം കവിയും പ്രഭാഷകനുമായ മൈലച്ചൽ വിജയനും കാർട്ടൂണിസ്റ്റ് സുകുമാർ സുവർണ്ണമുദ്ര പുരസ്കാരം കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ. സുജി ത്തിനും സമ്മാനിക്കും. അക്ഷരക്കനിവ് എവർറോളിംഗ് ട്രോഫി തിരുവനന്തപുരം സരസ്വതി വിദ്യാലയത്തിനുവേണ്ടി ചെയർമാൻ രാജ്മോഹൻ ഏറ്റുവാങ്ങും.

ട്രസ്റ്റ് ചെയർപേഴ്സൺ ഗീതാരാജേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
മുൻ ഡിജിപി ഋഷിരാജ് സിംഗ്, മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, പ്രൊഫ. പി.ആർ. കുമാരകേരളവർമ്മ, പത്മശ്രീ ജി. ശങ്കർ, മുക്കംപാലമൂട് രാധാകൃഷ്ണൻ, ഡോ. ശ്രദ്ധാപാർവ്വതി, കാരയ്ക്കാമണ്ഡപം വിജയകുമാർ, കാട്ടൂർ നാരായണപിള്ള, പ്രദീപ് തൃപ്പരപ്പ് എന്നിവർ പങ്കെടുക്കുന്നു.

ഏറ്റവും ഉയരം കൂടിയ ശിവലിംഗമുള്ള ചെങ്കൽ മഹേശ്വരം ക്ഷേത്രത്തെ പ്രകീർത്തിക്കുന്ന
“ശ്രീമഹേശ്വരത്തപ്പൻ ” ഭക്തിഗാന ആൽബം ചെങ്കൽ മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി റിലീസ് ചെയ്യും. തെരഞ്ഞെടുത്ത നൂറിൽപ്പരം കുട്ടികൾക്ക് പഠനോപകരണങ്ങളും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച കലാകാരന്മാർക്കുള്ള ആദരവും നൃത്ത സംഗീത സഭ യുടെ നൃത്താവിഷ്കാരവും
ചടങ്ങിൽ നടക്കും.