ലഹരിക്കെതിരെ മാരത്തോൺ സംഘടിപ്പിച്ചു

Wayanad

കാക്കവയൽ : ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബും സ്പോർട്സ് അക്കാദമിയും ചേർന്ന് ലഹരിക്കെതിരെ പ്രതിരോധം തീർക്കുകയെന്ന സന്ദേശവുമായി കൽപ്പറ്റ മുതൽ കാക്കവയൽ വരെ മാരത്തോൺ സംഘടിപ്പിച്ചു.

അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും ഉൾപ്പെടെ നൂറോളം പേർ മാരത്തോണിൽ പങ്കെടുത്തു. ജീവിതം പുകച്ചു കളയുന്ന ലഹരി വസ്തുക്കളുടെ ലഭ്യത തടഞ്ഞു കൊണ്ട് ലഹരിക്കെതിരെ പ്രതിരോധം തീർക്കണമെന്നും വായന, കല, കായികം എന്നിവ ജീവിതലഹരിയാക്കി മാറ്റിക്കൊണ്ട് സമൂഹസുരക്ഷിതത്വം ഉറപ്പുവരുത്താൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവസമൂഹം രംഗത്ത് വരണമെന്നും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിനയൻ അഭിപ്രായപ്പെട്ടു. മാരത്തോൺ സമാപന സമ്മേളനം കാക്കവയൽ ജവാൻ സ്മൃതിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൽപ്പറ്റ കലക്ടറേറ്റ് പരിസരത്ത് വെച്ച് എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എൻ റിയാസ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ബിജു ടി ,ഹെഡ്മാസ്റ്റർ സുനിൽകുമാർ എം , വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല ട്രഷറർ നൗഷാദ് കരിമ്പനക്കൽ , എക്സൈസ് ഓഫീസർ വിജേഷ് എന്നിവർ പ്രസംഗിച്ചു. അജയൻ കെ, ബിനോ മാത്യു ,ബിന്ദു ടീച്ചർ , സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.