പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഇടതുപക്ഷം ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെണീക്കും: പി രാമഭദ്രൻ

Thiruvananthapuram

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങൾ താൽക്കാലികമാണെന്നും പാർലമെന്റി ലേക്കു നടത്തിയ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നതായുള്ള വാർത്ത വ്യാജം നിർമ്മിതമാണെന്നും പി.രാമഭദ്രൻ കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പ്രസ്താവിച്ചു.

കേന്ദ്ര ഭരണം പിടിച്ചെടുക്കാനുള്ള പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുമ്പും ഇടതുപക്ഷം പരാജയപ്പെട്ട ചരിത്രമാണുള്ളത്. ഇത്തവണയും പരാജയപ്പെട്ടു. അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെതാ ണെന്നുള്ള പ്രചരണം അടിസ്ഥാനരഹിതമാണ്.

നിയമസഭയിലേക്ക് ജനം തെരഞ്ഞെടുത്ത സർക്കാർ തുടരേണ്ടത് നിയമപരമമായ രാഷ്ട്രീയ നീതിയും ജനാധിപത്യ മര്യാദയുമാണ്. ഇനി വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലും പിണറായി വിജയന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ വലിയ മുന്നേറ്റങ്ങൾ നടത്തും.

ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ മതന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിനു വിരുദ്ധമായല്ല വോട്ട് രേഖപ്പെടുത്തിയത്.

ബി.ജെ.പി യെ ദുർബ്ബലമാക്കാൻ കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരുന്നതാണ് കൂടുതൽ പ്രയോജനപ്രദമെന്ന് ചിന്തിക്കുകയും ഇന്ത്യാ മുന്നണിയെ നയിക്കുന്ന കോൺഗ്രസ്സിന് അനുകൂലമായി വോട്ടുചെയ്തതും ഇടതുപക്ഷ പരാജയത്തിന്റെ മുഖ്യകാരണങ്ങളിൽ ഒന്നാണ്. എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, എൽ.ഡി.എഫിന്റെയും യു. ഡി.എഫിന്റെയും വോട്ടുബാങ്കുകളിൽ കാര്യമായ ചോർച്ച വരുത്താൻ ബി.ജെ.പിക്ക് കഴിഞ്ഞു എന്നതും ഗുരുതരമായ ഒരു യാഥാർത്ഥ്യമാണ്.

വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ഈ മനോഭാവത്തിന് നേർവിപരീതമായി മതന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തോടുള്ള ആഭിമുഖ്യം പ്രകടമാക്കും. കഴിഞ്ഞ തെരഞ്ഞെടു പ്പിലും അതു തന്നെയാണ് സംഭവിച്ചത്.

ബി.ജെ.പിക്ക് ദേശീയതലത്തിൽ സംഭവിച്ച അപ്രതീക്ഷിത മായ തിരിച്ചടി, വർഗ്ഗീയവിഷം പുരണ്ട രാഷ്ട്രീയ സംസ്കാരത്തിന്റെ മുഖത്തേറ്റ അടിയാണ്. വീര്യം ചോർന്നുപോയ നരേന്ദ്ര മോദിയാണ് ഇന്ന് ഡൽഹിയിലെ സിംഹാസനത്തിൽ ഇരിക്കുന്നത്. ഇതു ജനാധിപത്യത്തിന്റെ വിജയമാണ്. ഈ വിജയം ഇടതുപക്ഷം കൂടി ഉൾപ്പെടുന്ന ഇന്ത്യാ മുന്നണിയുടെ
വിജയമാണ്.

ജൂലൈ 9 ചൊവ്വാഴ്ച കെ.ഡി.എഫ് സംസ്ഥാന നേതൃ സമ്മേളനം തിരുവനന്തപുരത്ത് ചേർന്ന് ഒരു വർഷത്തെ പ്രവർത്തന പരിപാടികൾക്ക് രൂപം നൽകും. കേരള നവോത്ഥാന സമിതി (കെ.എൻ.എസ്) ക്ക് ഏതെങ്കിലും മത, സാമുദായിക, ജാതി വിഭാഗങ്ങളോട് പ്രത്യേക മമതയോ വിദ്വേഷമോ ഇല്ല.

കെ.എൻ.എസ് സാമൂഹ്യ സംഘടനകളുടെ കൂട്ടായ്മ അതിൽ അംഗങ്ങളായിട്ടുള്ള സംഘടനകൾക്ക് കെ.എൻ.എസിന്റെ ഉദ്ദേശലക്ഷ്യങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത വിഷയങ്ങളിൽ സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമുണ്ട്. അത്തരം അഭിപ്രായങ്ങൾ വൈരുദ്ധ്യമുളവാക്കുന്നതുമാവാം. അതിൽ കെ.എൻ.എസ് ന് യാതൊരു ബന്ധവും ഉത്തരവാദിത്വവും ഇല്ല. അതിൽ ഇടപെടാനും കഴിയില്ല.

നവോത്ഥാന ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനാണ് കെ.എൻ.എസ് നിലകൊള്ളുന്നത്. സംഘടനയുമായി യോജിക്കുന്ന എല്ലാവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും അഭിപ്രായഭിന്നതയുണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ പി.രാമഭദ്രൻ പറഞ്ഞു.

പത്രസമ്മേളനത്തിൽ കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി വിനീത വിജയൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വെങ്ങാനൂർ സുരേഷ്, വൈസ് പ്രസിഡന്റ് എൽ.മോഹനൻ എന്നിവർ പങ്കെടുത്തു.