ഇനി ജോലി ജര്‍മനിയില്‍: കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കി ജര്‍മന്‍ കോഴ്സുകളുമായി യു കെ എഫ് സ്കില്‍ സ്കൂള്‍

Kollam

കൊല്ലം : പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജില്‍ പുതുതായി ആരംഭിക്കുന്ന യു കെ എഫ് സ്കില്‍ സ്കൂളില്‍ മൂന്ന് വ്യത്യസ്ത തൊഴിലധിഷ്ഠിത കോഴ്സുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  അന്തര്‍ദേശീയ സര്‍ട്ടിഫിക്കേഷനോടുകൂടിയ പുതിയ കോഴ്സുകള്‍ നടത്തുന്നതിന്  യു കെ എഫും പ്രമുഖ ജര്‍മന്‍ കമ്പനിയായ ടി യു വി റെയിന്‍ലാന്‍ഡുമായി ധാരണാ പത്രം ഒപ്പുവെച്ചു. വിന്‍ഡ് ടെക്നോളജി, മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ പ്ലംബിംഗ് (എംഇപി), ക്യുഎ/ക്യുസി ഇന്‍ സിവില്‍ എന്നിവയാണ് കോഴ്സുകള്‍. ബി.ടെക്/ഡിപ്ലോമയാണ് കോഴ്സില്‍ ചേരാനുള്ള അടിസ്ഥാന യോഗ്യത. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍, സിവില്‍, മെക്കാനിക്കല്‍ വിഭാഗക്കര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളാണ് ഈ കോഴ്സുകള്‍ വഴി സൃഷ്ടിക്കപ്പെടുന്നത്. ഇത്തരത്തില്‍ ടി യു വിയുമായി  ധാരണാ പത്രം ഒപ്പുവെക്കുന്ന കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജാണ് യുകെഎഫ്.

പുതുതായി ആരംഭിക്കുന്ന യു കെ എഫ് സ്കില്‍ സ്കൂള്‍  പുതിയകാല സാങ്കേതികവിദ്യക്ക് അനുസരിച്ച്  കോഴ്സ് അധിഷ്ഠിതമായി വ്യത്യസ്ത പരിശീലന രീതികളാണ് അവലംബിച്ചിട്ടുള്ളത്. പുനരുപയോഗ ഊര്‍ജ്ജത്തില്‍ കാറ്റാടി യന്ത്രങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്പാദനത്തെക്കുറിച്ചും സോളാര്‍, വിന്‍റ് മില്‍ എന്നിവയുടെ ഡിസൈന്‍ സോഫ്റ്റ്വെയര്‍ ടൂളുകള്‍ ഉപയോഗിക്കുന്നതിനുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി രൂപകല്‍പ്പന ചെയ്ത കോഴ്സാണ് വിന്‍ഡ് ടെക്നോളജി. പുനരുല്പാദിപ്പിക്കാവുന്ന ഊര്‍ജ്ജത്തിന്‍റെ പശ്ചാത്തലത്തില്‍ നൂതനമായ സിസ്റ്റങ്ങളുടെ നിര്‍മ്മാണം, നിരീക്ഷണം, നിയന്ത്രണം എന്നിവ അടിസ്ഥാനമാക്കി  തയ്യാറാക്കുന്ന വ്യത്യസ്ത പാഠ്യ പദ്ധതിയാണ് ഈ കോഴ്സിനുള്ളത്. പുനരുപയോഗ ഊര്‍ജ്ജത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചും അതിന്‍റെ നിയന്ത്രണങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ഈ കോഴ്സ് സഹായിക്കുന്നു.  ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ ബിരുദധാരികള്‍ക്ക് കൂടുതല്‍ തൊഴില്‍  അവസരങ്ങളാണ് ഈ കോഴ്സ് വഴി ലഭിക്കുന്നത്. മാത്രമല്ല ഇന്ത്യയിലെ തന്നെ ആദ്യത്തെ അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകൂടിയാണ്  ഈ കോഴ്സ്.

കെട്ടിട നിര്‍മ്മാണങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലും ആവശ്യമായ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ് സംവിധാനങ്ങളുടെ രൂപകല്പനയും നിര്‍മ്മാണവും വിതരണവും ഉള്‍പ്പെടുന്നതാണ് എം ഇ പി കോഴ്സ്. വ്യവസായ രംഗത്ത് എം ഇ പി എന്‍ജിനീയര്‍മാരുടെ തൊഴില്‍ അവസരങ്ങളും കരിയര്‍ വളര്‍ച്ചയും  വര്‍ദ്ധിപ്പിക്കാന്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്സ് ബിരുദധാരികള്‍ക്ക് ഇന്ത്യയിലും വിദേശത്തും അനവധി സാധ്യതകളാണ് ഈ കോഴ്സ് വഴി നല്‍കുന്നത്.

വ്യവസായിക രംഗത്ത്  ക്യുഎ/ക്യുസി സിവില്‍ എഞ്ചിനീയര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ ആവശ്യകത വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യാവസായിക നിര്‍മ്മാണത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും ഗുണനിലവാര ഉറപ്പ് നിലനിര്‍ത്തുന്നതിലും സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും  ഈ പ്രൊഫഷണലുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ലോകമെമ്പാടുമുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രോജക്ടുകളുടെ നിര്‍മ്മാണ മേഖലകളില്‍ ക്യുഎ/ക്യു സി സിവില്‍ എഞ്ചിനീയര്‍മാരുടെ വൈദഗ്ധ്യത്തെ പരിപോഷിപ്പിക്കാന്‍ ഈ കോഴ്സ് സഹായിക്കുന്നു. വിദേശ രാജ്യങ്ങളില്‍ ഒട്ടനവധി തൊഴില്‍ അവസരങ്ങളാണ് ഈ പ്രൊഫഷണലുകളെ കാത്തിരിക്കുന്നത്. സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് കൂടുതല്‍ തൊഴില്‍സാധ്യതയ്ക്ക് ഉതകുന്ന രൂപത്തിലാണ് കോഴ്സ് ഘടന തയ്യാറാക്കിയിട്ടുള്ളത്. അതിനൂതന സാങ്കേതികവിദ്യ അടിസ്ഥാനമാക്കി വ്യാവസായിക തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കി, വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ഉയര്‍ത്തുകയാണ്  ജര്‍മ്മന്‍ കമ്പനി ടി യു വി റെയിന്‍ലാന്‍ഡുമായുള്ള  പങ്കാളിത്തത്തിലൂടെ യു കെ എഫ് സ്കില്‍ സ്കൂള്‍ ലക്ഷ്യമിടുന്നത്.  

കോഴ്സുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠന ഭാഗമായി ജര്‍മന്‍ ഭാഷാ പരിജ്ഞാനവും ജര്‍മ്മനിയിലും മറ്റു വിദേശ രാജ്യങ്ങളിലും തൊഴില്‍ എന്നത് കൂടി യുകെ എഫ് സ്കില്‍ സ്കൂളിന്‍റെ പ്രധാന സവിശേഷതയാണ്. നിലവില്‍ എഞ്ചിനീയറിംഗ് പഠിച്ചുകൊണ്ടിരിക്കുന്ന അഞ്ചാം സെമസ്റ്റര്‍ മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തന്നെ കോഴ്സ് ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍ കാമ്പസ്സില്‍ സജ്ജമാക്കിക്കൊണ്ടിരിക്കുന്നു. എഞ്ചിനീയറിംഗ്/ഡിപ്ലോമ ബിരുദത്തോടൊപ്പം തൊഴില്‍ സാധ്യതയ്ക്ക് അനുഗുണമാകും വിധത്തിലുള്ള കാഴ്ചപ്പാട് രൂപീകരിക്കാനും അന്താരാഷ്ട്ര തലത്തില്‍ വിദ്യാര്‍ത്ഥികളുടെ സ്കില്‍ മെച്ചപ്പെടുത്താനുമാണ് യു കെ എഫ് സ്കില്‍ സ്കൂള്‍ ലക്ഷ്യം വെക്കുന്നതെന്ന് കോളേജ് ചെയര്‍മാന്‍ ഡോ. എസ്. ബസന്ത് പറഞ്ഞു. യു കെ എഫ് സ്കില്‍ സ്കൂളില്‍ പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി കോളേജ് അധികൃതര്‍ അറിയിച്ചു.