യു കെ എഫ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലാ സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍റ്

Kollam

കൊല്ലം : പാരിപ്പള്ളി യുകെഎഫ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍റ്. സര്‍വ്വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സെല്ലിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളിലെ നൂതനമായ സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ വളര്‍ത്തുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിലാണ് യുകെഎഫ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച ഉല്‍പ്പന്നത്തിന്‍റെ പ്രാഥമിക രൂപമായ പ്രോട്ടോടൈപ്പിന് ഗ്രാന്‍റ് ലഭിച്ചത്.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത 10 എന്‍ജിനീയറിങ് കോളേജുകളില്‍ ഒന്നായാണ് യുകെഎഫ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപയുടെ സര്‍വ്വകലാശാല ഗ്രാന്‍റിന് അര്‍ഹമാക്കിയത്.

യു കെ എഫ് ഐ ഇ ഡി സി വിദ്യാര്‍ത്ഥികളുടെ ‘പ്രോജക്ട് ഹൈഡ്ര’ എന്ന പ്രോട്ടോടൈപ്പ് ഉല്‍പ്പന്നമാക്കാനാണ് സഹായം. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിച്ച് രൂപകല്പന ചെയ്യുന്ന മെഷീനില്‍ നിക്ഷേപിച്ചാല്‍ ശുദ്ധമായ ജലം ലഭ്യമാക്കുന്ന തരത്തിലാണ് പ്രോട്ടോടൈപ്പ് ഉല്‍പ്പന്നതിന്‍റെ നിര്‍മ്മാണം. കൂടാതെ നമ്മള്‍ നിക്ഷേപിക്കുന്ന ബോട്ടുലുകളുടെ പുനരൂപയോഗവും നിക്ഷേപകന്‍റെ റിവാര്‍ഡ് പോയിന്‍റുകള്‍ ഫോണ്‍ നമ്പറിലൂടെ ആഡ് ചെയ്യുന്നതടക്കമുള്ള സാധ്യതകള്‍ ഉള്‍പ്പെടുന്ന പ്രോട്ടോടൈപ്പാണ് സാങ്കേതിക സര്‍വകലാശാലയുടെ ഗ്രാന്‍റ് നേടിക്കൊടുത്തത്.

യുകെ എഫ് ഐ ഇ ഡി സി നോഡല്‍ ഓഫീസര്‍ പ്രൊഫ. ബി വിഷ്ണുവിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ എച്ച് വൈഷ്ണവ്, മുഹമ്മദ് സാദിഖ്, പി ജെ അപര്‍ണ, ആദില്‍ ഇഷാന്‍, ജി ആദ്യ ജിബി, വിഗ്നേഷ്, അഭിരാം എന്നിവരാണ് പ്രോട്ടോടൈപ്പിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത് . കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ സര്‍വകലാശാല ഗ്രാന്‍റിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.